കേരളത്തിന്റെ കാര്‍ഷികോത്സവമായ വിഷു മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു ആഘോഷമാണ്. വീടിനെയും നാടിനെയും ഒരുപോലെ കോർത്തിണക്കി ഒരുപാട് ഗൃഹാതുരുത്വ സ്മരണകളെ വിളിച്ചുണർത്തുന്ന ഒരു പുതിയ പ്രഭാതമാണ് മലയാളിക്ക് വിഷു. ഒറ്റവാക്കിൽപറഞ്ഞാൽ ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നിറഞ്ഞ ആഘോഷം.

കണികാണലും കൈനീട്ടവും സദ്യയും എല്ലാം ചേര്‍ന്ന ഗംഭീരമായ ആഘോഷം. ഈ ദിനത്തിൽ കണിവെക്കുന്നപോലെതന്നെ പ്രാധാന്യമുള്ള ഒരു കാര്യമാണ് വിഷു സദ്യ. പലതരം വിഭവങ്ങളും പായസവും പപ്പടവും ഒക്കെയായി വിഭവസമൃദ്ധമായ സദ്യ തന്നെ വിഷുവിന് തയാറാക്കും. മറ്റെല്ലാആഘോഷവേളകളിലെയും സദ്യവട്ടത്തേക്കാൾ വിഷു സദ്യയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. അതെന്താണന്നല്ലേ…മാമ്പഴക്കാലവും ചക്കക്കാലവുമായതു കൊണ്ട് ഇവ കൊണ്ടുണ്ടാക്കുന്ന വിഭവങ്ങളാണ് വിഷുസദ്യയില്‍ പ്രധാനം. അത്തരത്തിൽ ഗൃഹാതുരുത്വ സ്മരണകൾ ഒത്തിരിയുള്ള പഴയ രുചിക്കൂട്ടിന്റെ ഒരോർമ്മ പെടുത്താൽ കൂടിയാണ് വിഷു സാദ്യ.

മാമ്പഴ പുളിശ്ശേരി

മൂന്ന് വലിയ മാമ്പഴം അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും 4 പച്ചമുളകും ആവശ്യത്തിന് ഉപ്പും, അൽപം ശർക്കരയും ചേർത്ത് മാമ്പഴം മുങ്ങി കിടക്കാൻ ആവശ്യത്തിന് വെള്ളമൊഴിച്ച് അടച്ചുവച്ച് വേവിക്കുക. ഒരുമുറി തേങ്ങ ചിരകിയത്, ഒരു ടീസ്പൂൺ ജീരകം ചേർത്ത് മഷിപോലെ അരച്ച് കറിയിലേക്ക് ഒഴിച്ച് തിളക്കുമ്പോൾ തീ ഓഫ് ചെയ്യുക. ഒരു കപ്പു കട്ട തൈര് ഉടച്ച് കറിയിലേക്ക് ചേർക്കാം. വെളിച്ചെണ്ണയിൽ കടുകും ചുവന്നുള്ളിയും കറിവേപ്പിലയും ഉണക്കമുളകും താളിച്ച് കറിയിൽ ഒഴിച്ചു കൊടുക്കുക.

ഇടിച്ചക്ക തോരൻ

ഇടിച്ചക്ക ചെറിയ കഷ്ണങ്ങളാക്കി ആവിയിൽ വേവിച്ചെടുക്കുക. തണുത്തതിനു ശേഷം മിക്സിയിൽ ഇട്ട് ചതച്ചെടുക്കുക. തേങ്ങ, രണ്ട് കതിർപ്പ് പച്ച കുരുമുളക്, ഒരു ടീസ്പൂൺ ജീരകം, രണ്ടു അല്ലി വെളുത്തുള്ളി, അര ടീസ്പൂൺ മഞ്ഞൾപ്പൊടി ഇവ ചേർത്ത് ചതച്ചെടുക്കുക. ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി, കടുകും കറിവേപ്പിലയും ഉണക്കമുളകും താളിച്ച് ചതച്ച ചക്കയും അരക്കപ്പ് വേവിച്ച വൻപയറും തേങ്ങ ചതച്ചതും ആവശ്യത്തിന് ഉപ്പും ചേർത്ത് ഡ്രൈ ആവുന്നത് വരെ ഇളക്കി യോജിപ്പിച്ച് എടുക്കുക.

വിഷു കട്ട

അരമണിക്കൂര്‍ കുതിർത്തുവെച്ച അരി തേങ്ങാപാല്‍ ഒന്നാം പാല്‍, രണ്ടാം പാല്‍, മൂന്നാം പാല്‍ എന്നിങ്ങനെ വേര്‍തിരിച്ച് വയ്ക്കണം. ഒരുപാത്രം എടുത്ത് ഇതിലേക്ക് മൂന്ന് കപ്പ് മൂന്നാം പാല്‍ ഒഴിക്കുക. ചെറുതായി ഇത് ചൂടാക്കാം. ഇതിലേക്ക് കുതിര്‍ത്ത് വച്ച ഉണക്കലരി ചേര്‍ക്കാം. എന്നിട്ട് ചെറിയ തീയില്‍ ആക്കി പാത്രം മൂടി വയ്ക്കുക. അരി അല്‍പം വെന്തുകഴിഞ്ഞാല്‍ രണ്ടാം പാല്‍ ചേര്‍ക്കുക. ഇതിന്റെ കൂടെ ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. ചെറിയ ചൂടില്‍ തന്നെ പാകം ആകാന്‍ വെയ്ക്കുക.മൂക്കാല്‍ ഭാഗം വെന്തുകഴിഞ്ഞാല്‍ അതിലേക്ക് ഒന്നാം പാലും ചേര്‍ക്കുക. അതൊടൊപ്പം ജീരക പൗഡറും ഇഞ്ചി പൗഡറും ചേര്‍ക്കാം. വിഷുകട്ട ചെറുതായി കട്ടിയാകുന്നവരെ മൂടിവയ്ക്കുക. അതില്‍ നിന്നും ഓയില്‍ വേറിട്ട് കണ്ടാല്‍ കട്ട കട്ടിയായി എന്നര്‍ത്ഥം.

ചക്ക പ്രഥമൻ

ഒരുകപ്പ് ചക്ക വരട്ടിയതിലേക്ക് ,അര കപ്പ് ശർക്കര പാനി, രണ്ട് കപ്പ് കട്ടികുറഞ്ഞ തേങ്ങാപ്പാൽ ഇവ ചേർത്ത് തിളപ്പിക്കുക. നന്നായി യോജിച്ചു കുറുകിവരുമ്പോൾ അര ടീസ്പൂൺ ഏലക്കാപ്പൊടി, കാൽ ടീസ്പൂൺ വീതം ചുക്കു പൊടി, ജീരകപ്പൊടി എന്നിവ ചേർക്കുക. നന്നായി കുറുകി കഴിയുമ്പോൾ മുക്കാൽ കപ്പ് ഒന്നാം തേങ്ങാപ്പാൽ ചേർത്ത് തിളവരുമ്പോൾ തീ ഓഫ് ചെയ്യുക. അര ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കി കാൽ കപ്പ് വീതം അണ്ടിപ്പരിപ്പും , തേങ്ങാക്കൊത്തും ഇളം ബ്രൗൺ നിറത്തിൽ വറുത്ത് പായസത്തിൽ ഒഴിച്ചു കൊടുക്കുക.