തെലങ്കാനയില്‍ കനത്തമഴ; മതില്‍ ഇടിഞ്ഞുവീണ് ഒമ്പതുപേര്‍ മരിച്ചു

0

ഹൈദരാബാദ്: കനത്തമഴയെ തുടര്‍ന്ന് ചുറ്റുമതില്‍ ഇടിഞ്ഞ് വീടുകള്‍ക്ക് മേല്‍ പതിച്ച് രണ്ടുമാസം പ്രായമുളള കുഞ്ഞുള്‍പ്പടെ ഒമ്പതുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. പത്തോളം വീടുകള്‍ക്ക് മുകളിലേക്കാണ് മതില്‍ ഇടിഞ്ഞുവീണത്.

മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ 12 പേരാണ് തെലങ്കാനയില്‍ മരിച്ചത്. സംസ്ഥാനത്തിന്റെ പലയിടത്തും വെള്ളപ്പൊക്കം രൂപപ്പെട്ടിട്ടുണ്ട്. മഴയെ തുടര്‍ന്ന് ഹൈദരാബാദ്-ബെംഗളുരു ദേശീയപാത തകര്‍ന്നു. വെള്ളത്തിന്റെ കുത്തൊഴുക്കില്‍ നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയതായും റിപ്പോര്‍ട്ടുണ്ട്‌. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നത് ഹിമായത് സാഗര്‍ ഡാം കഴിഞ്ഞ ദിവസം തുറന്നിരുന്നു.

കഴിഞ്ഞ മൂന്നുദിവസമായി തെലങ്കാനയില്‍ കനത്ത മഴ തുടരുകയാണ്. തെലങ്കാനയിലെ 14 ജില്ലകളെയാണ് മഴ സാരമായി ബാധിച്ചിരിക്കുന്നത്. മഴ തുടരുന്നതിനാല്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ഭരണകൂടം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.