നീരവ് മോദിയെ ഉടൻ ഇന്ത്യക്ക് കൈമാറിയേക്കും: ബ്രീട്ടീഷ് കോടതി

0

ഡൽഹി: പതിനായിരം കോടിയിലേറെ രൂപയുടെ വായ്പാ തട്ടിപ്പ് നടത്തി ഇന്ത്യവിട്ട വ്യവസായി നീരവ് മോദിയുടെ ഹർജി ബ്രിട്ടീഷ് കോടതി തള്ളി. തന്നെ ഇന്ത്യക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ടായിരുന്നു നീരവിന്റെ ഹർജി. നീരവ് മോദിയെ ഇന്ത്യക്ക് കൈമാറുന്നത് അന്യായമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ ഉടൻതന്നെ നീരവ് മോദിയെ ഇന്ത്യക്ക് കൈമാറിയേക്കും.

13,000 കോടി രൂപയുടെ, പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) തട്ടിപ്പിലെ മുഖ്യപ്രതിയാണ് 51കാരനായ നീരവ് മോദി. പിഎൻബി അഴിമതി പുറത്തുവരികയും വിവിധ ഏജൻസികൾ അന്വേഷണം ആരംഭിക്കുകയും ചെയ്തതോടെ അദ്ദേഹം ഇന്ത്യ വിടുകയായിരുന്നു.നീരവ് മോദി ഇപ്പോൾ തെക്ക്-കിഴക്കൻ ലണ്ടനിലെ വാൻഡ്സ്വർത്ത് ജയിലിലാണ് ഉള്ളത്.

നീരവ് മോദിയുടെ ഹർജിയിൽ വിധി പറയുന്നത് ഒക്‌ടോബർ 12ന് കോടതി മാറ്റിവെച്ചിരുന്നു. ഇന്ത്യയ്ക്ക് കൈമാറുന്നതിനെതിരായ നീരവ് മോദിയുടെ ഹർജി പരിഗണിച്ച കോടതി, ഇന്ത്യ ഒരു വിദേശ സൗഹൃദ ശക്തിയാണെന്ന് വിലയിരുത്തി. കുറ്റവാളി കൈമാറ്റ ഉടമ്പടിയുടെ ബാധ്യതകൾ യുകെ പാലിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. മുംബൈയിലെ ആർതർ റോഡ് ജയിലിൽ നീരവ് മോദിക്ക് മതിയായ വൈദ്യസഹായം നൽകുമെന്ന് ഇന്ത്യൻ സർക്കാരിന്റെ ഉറപ്പിൽ സംശയിക്കരുതെന്നും കോടതി പറഞ്ഞു.

നീരവ് മോദി വിഷാദാവസ്ഥയിലാണെന്നും ആത്മഹത്യാപ്രവണതയുണ്ടെന്നും ഇന്ത്യയിലെ പ്രതികൂല സാഹചര്യം കാരണം അവിടേക്ക് കൈമാറുന്നതോടെ അത് കൂടുതൽ വഷളാകുമെന്നും നീരവ് മോദിയുടെ അഭിഭാഷകർ വാദിച്ചു. ഇന്ത്യയെ രാഷ്ട്രീയക്കാർ മോശം അവസ്ഥയിലാക്കിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വാദം. ഇന്ത്യൻ മാധ്യമങ്ങൾ തനിക്കെതിരെ ക്രൂരമായാണ് പെരുമാറുന്നതെന്നും നീരവ് മോദി ഹർജിയിൽ പറഞ്ഞു. പൊതുജനങ്ങൾ അദ്ദേഹത്തിന്റെ കോലം കത്തിച്ചത് ഉദാഹരണമായി ചൂണ്ടിക്കാട്ടിയായിരുന്നു വാദം. നീരവ് മോദിക്കെതിരെ സിബിഐയുടെയും ഇഡിയുടെയും കേസുകൾ ഇന്ത്യയിൽ നിലവിലുണ്ട്.