ഇലന്തൂര്‍ നരബലി: മൂന്ന് പ്രതികളേയും നാളെ ഹാജരാക്കാന്‍ കോടതി ഉത്തരവ്

0

ഇലന്തൂര്‍ നരബലി കേസിലെ പ്രതികളെ നാളെ ഹാജരാക്കാന്‍ കോടതി ഉത്തരവ്. കേസിലെ മൂന്ന് പ്രതികളെയും നാളെ ഹാജരാക്കാന്‍ എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിടുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ വേണ്ടിയാണ് പ്രതികളെ ഹാജരാക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. ഇതിനായി കോടതി എട്ട് പ്രൊഡക്ഷന്‍ വാറന്റ് പുറപ്പെടുവിച്ചു. പ്രതികളെ പന്ത്രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

ഷാഫി, ഭഗവല്‍ സിംഗ്, ഭാര്യ ലൈല എന്നീ മൂന്നുപേര്‍ ചേര്‍ന്നാണ് ഇരട്ടക്കൊലപാതകം നടത്തിയത്. റഷീദ് എന്ന മുഹമ്മദ് ഷാഫിയാണ് കൃത്യത്തിന്റെ മുഖ്യസൂത്രധരന്‍ എന്ന് പൊലീസ് പറയുന്നു. സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞാണ് പദ്മയേയും റോസ്ലിനെയും റഷീദ് ഭഗവല്‍ സിംഗിന്റെ വീട്ടിലെത്തിച്ചത്. പിന്നീട് നടന്നത് സമാനതകളില്ലാത്ത ക്രൂരതയാണ്.

ബലി നല്‍കാന്‍ ഷാഫി ആദ്യം ചതിച്ചു കൊണ്ടുവന്നത് റോസ്ലിയെയാണ് . സിനിമയില്‍ അഭിനയിച്ചാല്‍ പത്തു ലക്ഷം രൂപ നല്‍കാം എന്ന് റോസ്ലിലിനോട് പറഞ്ഞു. തിരുവല്ലയിലെ ഭഗവല്‍ സിംഗിന്റെ വീട്ടില്‍ എത്തിച്ച ശേഷം റോസ്ലിനെ കട്ടിലില്‍ കിടത്തി . ഭഗവല്‍ സിംഗ് ചുറ്റിക കൊണ്ട് തലക്കടിച്ച് അര്‍ധ ബോധാവസ്ഥയിലാക്കി. സിംഗിന്റെ ഭാര്യ ലൈല കഴുത്തറുത്ത് ചോര വീഴ്ത്തി. റോസ്ലിന്റെ സ്വകാര്യ ഭാഗത്ത് കത്തികൊണ്ട് മുറിവേല്പ്പിച്ചും ചോര വീഴ്ത്തി മുറിയില്‍ തളിച്ചും ഭാഗ്യത്തിനായി പ്രാര്‍ത്ഥിച്ചു.

റോസ്ലിയെ ബലി നല്‍കിയിട്ടും സാമ്പത്തികമായി വിജയിക്കാത്തതിനാല്‍ റഷീദിനെ വീണ്ടും ഭഗവല്‍ – ലൈല ദമ്പതികള്‍ ബന്ധപ്പെട്ടു . ശാപം കാരണം പൂജ വിജയിച്ചില്ല എന്ന് പറഞ്ഞ് റഷീദ് മറ്റൊരു നരബലി കൂടി നടത്തണം എന്ന് ആവശ്യപ്പെട്ടു . തുടര്‍ന്ന് ഇയാള്‍ തന്നെ ആണ് കൊച്ചിയില്‍ നിന്ന് പത്മയെ കൊണ്ടുവന്നത്. സമാനവിധത്തില്‍ തന്നെ പത്മയേയും കൊലപ്പെടുത്തി. പദ്മയുടെ ഫോണ്‍ കോളുകളില്‍ നിന്നാണ് ഷാഫിയെക്കുറിച്ച് വിവരം ലഭിച്ചത്. പദ്മയെ കാണാതായ കേസിലെ അന്വേഷണമാണ് റോസ്ലിയേയും സമാന വിധത്തില്‍ കൊല ചെയ്ത സംഭവത്തിലേക്ക് പൊലീസിനെ എത്തിച്ചത്.