നുണഞ്ഞ് തീരാത്തൊരു പാലൈസ് കാലം….

0

വേനലവധി എന്നുപറയുമ്പോൾ… മനസ്സിൽ ആദ്യം ഓടിയെത്തുന്നത്, ഐസ് നിറച്ച ഒരു വലിയ ടിൻ പെട്ടിയും അതും വഹിച്ചുകൊണ്ട് ഓടി വരുന്ന സൈക്കിളും അതിന് പിന്നാലെ ഓടിക്കൂടുന്ന ഒരു കൂട്ടം കുട്ടി പട്ടാളങ്ങളുമുള്ള ഒരു പഴയ കാലമാണ്… കാന്‍റിയും, സിപ്പപ്പും, ചോക്കോബാറും, കോൺ ഐസ് ക്രീമും നുണയുന്ന പുതിയ ബാല്യങ്ങൾക്ക് തികച്ചും അന്യമായ മണ്ണിന്‍റിന്‍റെ മണമുള്ള ഒരു കുട്ടിക്കാലം.

ഒരുപക്ഷെ കാൽ നൂറ്റാണ്ട് പിന്നിടുന്ന ഒരു തലമുറയ്ക്ക് മാത്രം ആസ്വദിക്കാൻ കഴിഞ്ഞിരുന്ന ഒരു സുവർണ്ണ കാലഘട്ടമായിരുന്നു അത്. വാശി പിടിച്ച് കരഞ്ഞ് സംഘടിപ്പിച്ച ചില്ലറ തുട്ടുമായി മണിയടിച്ച് വരുന്ന സൈക്കിൾ പെട്ടിയിൽ നിന്നും കോൽ ഐസും പാൽ ഐസും കിട്ടാനായി ഐസ് വണ്ടിയും കാത്ത് വഴിയരികിൽ നിന്നൊരു കുട്ടിക്കാലം. ആ കാലവും പാലൈസിന്‍റെ നുണഞ്ഞ് തീരാത്ത രുചിയും പുതിയ തലമുറയിൽ നിന്നും അതിവിദൂരമാണ്.

പണ്ടൊക്കെ, പണ്ടെന്ന് വെച്ചാൽ ഒരു മുപ്പത് വർഷങ്ങൾക്ക് മുമ്പ്, ഏപ്രിൽ – മേയ് മാസങ്ങൾ കുട്ടികൾക്ക് ശരിക്കും ഒരു വസന്തകാലമായിരുന്നു. വേനൽ ചൂടോ ക്ഷീണമോ ഇല്ലാതെ കുട്ടികൾ അങ്ങനെ ഒഴുകി നടക്കും. കൊയ്ത്ത് കഴിഞ്ഞ് മഴ കാത്ത് നിൽക്കുന്ന വിണ്ട് കീറി വിളറിയ പാടങ്ങളിൽ ക്രിക്കറ്റ് കളിച്ചും, ആരാന്‍റെ പറമ്പിൽ കല്ലെറിഞ്ഞ് വീഴ്ത്തുന്ന മാങ്ങ ഉപ്പും മുളകും കൂട്ടി തിന്നും അവരങ്ങനെ ആർത്ത് ഉല്ലസിച്ച് നടക്കും. അങ്ങനെ കെട്ടഴിഞ്ഞ പട്ടം പോലെ പാറി നടക്കുമ്പോൾ അവരെയും കാത്ത് പാടവരമ്പത്തും, റോഡരികിലും, കളിക്കളങ്ങളിലും, ഉത്സവപറമ്പുകളിലും ഐസ് പെട്ടിയും ഐസുകാരനും കാണും.

ചീന്തിയെടുത്ത മുളം കോലിൽ മഞ്ഞയും, വെള്ളയും, ചുവപ്പും, പച്ചയും നിറങ്ങളിൽ ഐസ് കട്ടകൾ ടിൻ പെട്ടിയിൽ നമ്മളെയും കാത്ത് കിടപ്പുണ്ടാകും. ഇവയിൽ പാലൈസിനാകും ആവശ്യക്കാരേറെ. പാലും ഏലക്കയും സേമിയയും ചേർത്ത് മുളം കോലിൽ കോർത്തെടുത്ത ആ പാൽ കട്ടി നുണയുന്നതിന്‍റെ പകുതി രുചി പോലും കാണില്ല പുതിയ കാലത്തിന്‍റെ ചോക്കോ ബാറിനും കോൺ ഐസ് ക്രീമിനും.

അന്നൊക്കെ ഒരു രൂപ കൊടുത്താൽ പാലൈസ് കിട്ടും. പക്ഷെ, ഒരു രൂപയ്ക്ക് അച്ഛനോടും അമ്മയോടും യുദ്ധം തന്നെ നടത്തേണ്ടി വരാറുണ്ട്. കരഞ്ഞ വിളിച്ച് അച്ഛനമ്മമാരുടെ കൈയ്യിൽ നിന്നും പൈസ പിരിപ്പിച്ച് ഐസ് കാരന്‍റെ മണിയൊച്ചയ്ക്ക് കാതോർത്ത് പാടവരമ്പിലൂടെ ഓടുമ്പോൾ മനസ്സിൽ ഒറ്റ പ്രാർത്ഥനയെ കാണൂ…. ”ദൈവമെ പാലൈസ് തീരല്ലേ…” പിന്നെ ഓടി കിതച്ച് ചെന്ന് ഐസ് പെട്ടിയിൽ തലയിട്ട് ഒരു പാലൈസ്… എന്ന് പറയുമ്പോഴേ സമാധാനമാകുള്ളൂ…

പാലൈസിനെ കൂടാതെ ഈ പെട്ടിയിൽ വേറെയുമുണ്ട് കേമന്‍മാർ. ഹോർലിക്സ് ഐസും ബൂസ്റ്റ് ഐസും. ഇതിന് ആവശ്യക്കാരേറെയാണെങ്കിലും അഞ്ച് രൂപയുണ്ടെങ്കിലെ ഇത് വാങ്ങാൻ ഒക്കൂ. പലപ്പോഴും കൂടെയുള്ളവർ ഒത്തുകൂടി പിരിച്ച് ഒരൈസ് അവരെല്ലാവരും പങ്കിട്ടെടുക്കുന്ന കാഴ്ചയാണ് കാണാറുള്ളത്. എന്താണേലും കൂട്ടം കൂടി നിന്ന് ഒരൈസിനെ അഞ്ച് പേർ ഒന്നിച്ചിരുന്ന് കിട്ടുന്ന സൗഹൃദവും സ്നേഹവും സെന്‍ട്രലൈസ്ഡ് ഏസി മാളുകളിൽ ഇരുന്ന് ബാസ്കിൻ റോബിൻസും ലണ്ടൻ ഡയറിയും കഴിക്കുമ്പോൾ വരെ കിട്ടില്ല.

എന്നാൽ കാലമിന്ന് ഒരുപാട് മാറി. ഇന്ന് ഒരുമിച്ചിരുന്ന് കഴിക്കുമ്പോൾ അസുഖങ്ങൾ പിടിപ്പെട്ടേക്കാം. കാരണം പുതിയ കാലത്തിന്‍റെ വെള്ളവും അന്തരീക്ഷവും രോഗാവൃതമാണ്. അത് മാത്രമല്ല പഴയ പാലൈസോ അതേ ഗുണനിലവാരത്തിലുള്ള കോലൈസുകളോ ഇന്ന് വിപണിയിൽ ഇല്ലെന്നതാണ് വാസ്തവും. കടുത്ത ഛായങ്ങളിൽ പുത്തൻ പായ്ക്കറ്റുകളിൽ എത്തുന്ന ഐസ് ക്രീം പായ്ക്കറ്റുകളിൽ കൂടുതലും രാസവസ്തുക്കളാണ്. ഇവ ശരീരത്തെ സാരമായ രീതിയിൽ ബാധിച്ചേക്കാം.

എന്തായാലും കാലം എത്രതന്നെ മുന്നോട്ട് പോയാലും നമ്മൾ നുണഞ്ഞ പാലൈസിന്‍റെ രുചിയും ഗുണവും ഇന്നത്തെ തലമുറയ്ക്ക് എത്ര വില കൊടുത്താലും ലഭിക്കാത്ത ഒന്നാണ്. ഐസ് വണ്ടിക്ക് കാതോർത്തിരുന്ന ഒരു കുട്ടിക്കാലം അവർക്ക് സ്വപ്നം കാണാൻ കൂടി കഴിയില്ല.