ഇന്ന് എഴുപതാം റിപ്പബ്ലിക് ദിനം; രാജ്യമെങ്ങും കനത്ത സുരക്ഷയിൽ

0

ന്യൂഡൽഹി: രാജ്യം ഇന്ന് എഴുപതാം റിപ്പബ്ലിക് ദിനം ആഘോഷിക്കും. സമത്വവും സാഹോദര്യവും സ്വാതന്ത്ര്യവും ഓര്‍മ്മപ്പെടുത്തുന്ന ദിനമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് റിപ്പബ്ലിക് ദിന സന്ദേശത്തിൽ പറഞ്ഞു. രാവിലെ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ രാമഫോസ മുഖ്യാതിഥിയാകും. ഡൽഹിയിൽ രാവിലെ 9.50നു വിജയ് ചൗക്കിൽ നിന്നു തുടങ്ങുന്ന റിപ്പബ്ലിക് ദിന പരേഡ് രാജ്‌പത്‌, തിലക് മാർഗ്, ബഹാദുർ ഷാ സഫർ മാർഗ്, നേതാജി സുഭാഷ് മാർഗ് വഴി ചെങ്കോട്ടയിലേക്കു നീങ്ങും. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി നിർമല സീതാരാമൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
ജമ്മുകശ്മീരിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ലാൻസ് നായിക് നസീര്‍ അഹമ്മദ് വാണിയുടെ ഭാര്യ മഹാജബീൻ മരണാനന്ത ബഹുമതിയായി അശോക് ചക്ര പുരസ്കാരം ഏറ്റുവാങ്ങും. ആദ്യമായാണ് ഒരു കശ്മീരുകാരന് അശോക് ചക്ര പുരസ്കാരം രാജ്യം നൽകുന്നത്. പിന്നീട് പുഷ്പവൃഷ്ടി നടത്തി ഹെലികോപ്റ്ററുകൾ കടന്നുപോകുന്നതോടെ പ്രൗഡഗംഭീര പരേഡിന് തുടക്കമാകും. 90 മിനിറ്റ് പരേഡില്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സ്ഥാപനങ്ങളുടെയും 22 നിശ്ചലദൃശ്യങ്ങളാകും അണിനിരക്കുക. മഹാത്മാ ഗാന്ധിയുടെ 150–ാം ജൻമവാർഷികാഘോഷം കണക്കിലെടുത്ത് ഗാന്ധിയുടെ ആശയങ്ങളുടെ അടിസ്ഥാനത്തിലാണു പരേഡിലെ ഫ്ലോട്ടുകൾ തയാറാക്കിയിരിക്കുന്നത്.