ഇന്ത്യ-ചൈന നാലാംഘട്ട സൈനികതല ചർച്ച ഇന്ന്

0

ന്യൂഡൽഹി: ലഡാക്കിലെ ഇന്ത്യാ-ചൈന അതിർത്തിയിൽ നിലനിൽക്കുന്ന സംഘർഷത്തെ സംബന്ധിച്ച് ഇരു രാജ്യങ്ങളുടേയും ഉന്നതതല സൈനിക പ്രതിനിധികൾ തമ്മിലുള്ള നാലാം ഘട്ട ചർച്ച ചൊവ്വാഴ്ച നടക്കും. ലഡാക്കിലെ ചുഷൂലിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള കമാൻഡർ തല ചർച്ച നടക്കുക. ലഫ്റ്റനന്റ് ജനറൽ ഹരീന്ദർ സിംഗ് ഇന്ത്യയെ നയിക്കും. മേജർ ജനറൽ ലിയു ലിൻ ആണ് ചൈനീസ് സംഘത്തിന് നേതൃത്വം നൽകുന്നത്.

സംഘർഷമേഖലയിൽ നിന്നുള്ള പിൻവാങ്ങലിനു ശേഷം ഇരുരാജ്യങ്ങളുടേയും ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ ആദ്യ കൂടിക്കാഴ്ചയാണിത്. ഫിംഗർ മേഖലകളിലും ഡെപ്‌സങ് മേഖലയിലും സൈനിക സാന്നിദ്ധ്യം കുറയ്ക്കുന്നതടക്കമുള്ള വിഷയമാകും പ്രധാനമായും ചർച്ച ചെയ്യുക. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വിഷയങ്ങൾ ചർച്ച ചെയ്യുന്ന സമിതി യോഗത്തിന് (ഡബ്ലിയുഎംസിസി) മുന്നോടിയാണ് കമാൻഡർ തല ചർച്ച നടക്കുന്നത്.

അതേ സമയം ഇരുസൈന്യങ്ങളും പിൻവാങ്ങൽ ആരംഭിച്ചതോടെ ഗൽവാൻ താഴ്വര പ്രദേശം നിഷ്പക്ഷ മേഖലയായി മാറിയിരിക്കുകയാണ്. നിയന്ത്രണരേഖയിലെ സൈനികക്യാമ്പുകളിൽ നിന്നുള്ള സേനാപിൻമാറ്റത്തെ സംബന്ധിച്ചും ക്യാമ്പുകൾ കുറയ്ക്കുന്നത് സംബന്ധിച്ചും ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച നടത്തിയേക്കുമെന്ന് സൂചനയുണ്ട്.

നിയന്ത്രണരേഖയിലെ മൂന്ന് സംഘർഷമേഖലകളായ ഗൽവാൻ താഴ് വര, ഗോഗ്ര, ഹോട്ട് സ്പ്രിങ്സ് എന്നിവടങ്ങളിൽ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ ഇരു സൈന്യവും പിൻവാങ്ങുകയും നിഷ്പക്ഷമേഖല സൃഷ്ടിക്കുകയും ചെയ്തതായി ജൂലായ് 11 ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ-ചൈന നാലാം ഘട്ട സൈനികതല ചർച്ച നടക്കുന്നതെന്ന പ്രത്യേകതയുണ്ട്. ജൂൺ 6, 22, 30 തീയതികളിലായിരുന്നു മുൻ ചർച്ചകൾ.