രാജ്യത്ത് കോവിഡ് രോഗികള്‍ 52 ലക്ഷം കടന്നു; 1174 മരണം

0

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 52 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 96,424 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 52,14,678 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 1174 മരണം കൂടി പുതുതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഔദ്യോഗിക കണക്കുകളനുസരിച്ച് രാജ്യത്ത് ഇത് വരെ 84,372 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ 1.63 ശതമാനമാണ് രാജ്യത്ത് മരണ നിരക്ക്.

നിലവിൽ 10,17,754 പേരാണ് രാജ്യത്ത് ചികിത്സയിൽ തുടരുന്നത്. 41,12,551 പേർ ഇത് വരെ രോഗമുക്തി നേടി. 78.64 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. രാജ്യത്തെ ആറുപത് ശതമാനം കൊവിഡ് രോഗികളും 5 സംസ്ഥാനങ്ങളിലാണെന്നാണ് കേന്ദ്ര സർക്കാർ കണക്കുകൾ. കേന്ദ്ര ഭരണ പ്രദേശങ്ങളും സംസ്ഥാനങ്ങളും ഉൾപ്പെടെ 13 ഇടങ്ങളിൽ നിലവിൽ രോഗികൾ 5000 താഴെയെന്നും കേന്ദ്ര സർക്കാർ പറയുന്നു.

നിലവില്‍ ചികിത്സയിലുള്ള 60 ശതമാനത്തോളം രോഗികളും രോഗവ്യാപനം രൂക്ഷമായ മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.