മൂന്നാം ഏകദിനം; ഇന്ത്യക്ക് ബാറ്റിങ്, സഞ്ജു ടീമിൽ

0

ട്രിനിഡാഡ് : വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ നിർണായകമായ മൂന്നാം മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിങ്. ടോസ് നേടിയ വിൻഡീസ് നായകൻ ഷായ് ഹോപ്പ് ഇന്ത്യയെ ബാറ്റിങിന് അയക്കുകയായിരുന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലും ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുന്നത്. രോഹിത് ശർമയും വിരാട് കോലിയും കളിക്കുന്നില്ല. രണ്ടു മാറ്റങ്ങളോടെയാണ് ഇന്ത്യ കളം പിടിച്ചത്. ഉമ്രാൻ മാലിക്കിനും അഷ്കർ പട്ടേലിനും പകരം ഋതുരാജ് ഗെയ്ക്‌വാദും ഉനക്ദത്തും ടീമിലെത്തി.

പരമ്പര വിജയം എന്ന ലക്ഷ്യത്തെക്കാൾ ഇന്ത്യയ്ക്കു നിർണായകമാകുന്ന മറ്റു പല സംഗതികളുമുണ്ട്. ഏഷ്യാകപ്പിനും ഏകദിന ലോകകപ്പിനും മുൻപുള്ള ഇന്ത്യയുടെ അവസാന ഔദ്യോഗിക ഏകദിന മത്സരമാണ് ഇന്നത്തേത്. ഇതിനു ശേഷം വെസ്റ്റിൻഡീസിനെതിരെ അഞ്ചും അയർലൻഡിനെതിരെ മൂന്നും ട്വന്റി20 മത്സരങ്ങൾ ഇന്ത്യ കളിക്കും. തുടർന്നു നേരേ ഏഷ്യാകപ്പിലേക്ക്. അതിനാൽ ഇന്നത്തെ മത്സരത്തിലെ പ്രകടനം ടീം എന്ന നിലയിൽ ഇന്ത്യയ്ക്കും ലോകകപ്പ് സീറ്റ് ഉറപ്പിക്കാനുള്ള അവസാന അവസരം എന്ന നിലയിൽ യുവതാരങ്ങൾക്കും നിർണായകമാണ്.

ഗുഡകേഷ് മോട്ടി, യാനിക് കാരിയ എന്നീ സ്പിന്നർമാരുടെ ഫോമിലാണ് വിൻഡീസിന്റെ പ്രതീക്ഷ. ക്യാപ്റ്റൻ ഷായ് ഹോപ്പിനൊപ്പം ബ്രണ്ടൻ കിങ്, കൈൽ മെയേഴ്സ് എന്നിവരും നന്നായി കളിച്ചാൽ കാര്യങ്ങൾ എളുപ്പമാകും. ഏകദിന ലോകകപ്പിൽ നിന്നുള്ള പുറത്താകലും 17 വർഷത്തിനിടെ ഇന്ത്യയോട് ഏകദിന പരമ്പര ജയിക്കാൻ സാധിച്ചിട്ടില്ലെന്ന നാണക്കേടുമെല്ലാം മാറ്റിയെടുക്കാൻ ഈ പരമ്പര വിജയം വിൻഡീസിന് അത്യാവശ്യമാണ്.

ട്രിനിഡാഡിലെ ടരോബ ബ്രയാൻ ലാറ സ്റ്റേഡിയം ആദ്യമായാണ് രാജ്യാന്തര പുരുഷ ഏകദിന മത്സരത്തിന് വേദിയാകുന്നത്. സ്പിന്നർമാരെ തുണയ്ക്കുന്ന വേഗം കുറഞ്ഞ പിച്ചാണ് ഇവിടത്തേത്. മുൻപ് നടന്ന രാജ്യാന്തര വനിതാ ഏകദിന മത്സരങ്ങളിലെല്ലാം ടീം ടോട്ടൽ 200ൽ താഴെയായിരുന്നു.