മയക്കുമരുന്ന് നൽകി 136 പുരുഷൻമാരെ ലൈംഗികമായി പീഡിപ്പിച്ചു; വിദ്യാർഥിക്ക് ജീവപര്യന്തം തടവ്

0

ലണ്ടന്‍: മയക്കുമരുന്ന് നല്‍കി 136 പുരുഷന്മാരെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് ജീവപര്യന്തം. ഇന്തോനേഷ്യന്‍ വിദ്യാര്‍ഥിയായ റെയ്ന്‍ഹാര്‍ഡ് സിനാഗ (36)യെയാണ് പീഡനക്കേസില്‍ മാഞ്ചസ്റ്റര്‍ കോടതി 30 വര്‍ഷം ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

ഇയാൾ 195 ഓളം പേരെ ആക്രമിച്ചിരിക്കാമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. താമസിക്കാനോ മദ്യം കഴിക്കാനോ സ്ഥലം വാഗ്ദാനം ചെയ്ത് ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയാണ് ഇയാൾ ആളുകളെ പീഡിപ്പിച്ചിരുന്നത്.

ഇന്തോനേഷ്യയിലെ ജാംബി പ്രവിശ്യയിൽ നിന്നുള്ള പ്രതി ഉന്നത വിദ്യാഭ്യാസത്തിനായാണ് ബ്രിട്ടനിലെത്തിയത്. രാത്രിയിൽ ചെറുപ്പക്കാർക്കൊപ്പം മദ്യപിച്ചശേഷം മയക്കുമരുന്ന് നൽകിയാണ് ഇയാൾ ലൈംഗിക പീഡനം നടത്തിയിരുന്നതെന്ന് ജഡ്ജി സുസെയ്ൻ ഗോഡ്ഡാർഡ് വ്യക്തമാക്കി. യുവാക്കള്‍ക്കൊപ്പം മദ്യപിച്ചശേഷം മയക്കുമരുന്ന് നല്‍കി മയക്കി ലൈംഗികമായി പീഡിപ്പിക്കും. ഇതോടൊപ്പം പീഡനദൃശ്യങ്ങള്‍ റെയ്ന്‍ഹാര്‍ഡ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു.

നിരവധിപ്പേരെ ഇയാൾ ആക്രമിച്ചിട്ടുണ്ടെങ്കിലും പലർക്കും അത് മനസിലായിരുന്നില്ല. അടുത്തിടെ ഇയാൾ ആക്രമിച്ച ഒരു യുവാവ് ഉറക്കമുണർന്നപ്പോഴാണ് താൻ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി മനസിലാകുന്നത്. അയാൾ നൽകിയ പരാതിയിലാണ് പ്രതി പിടിയിലായത്.

ഇരകളിൽ ഒരാൾ ഇയാളെ ചെകുത്താൻ എന്നാണ് വിശേഷിപ്പിച്ചത്. ഈ ഒരൊറ്റ വിശേഷണത്തിലൂടെ പ്രതി ചെയ്ത കുറ്റകൃത്യത്തിന്‍റെ വ്യാപ്തി വെളിവാകുന്നതാണെന്ന് ജഡ്ജി പറഞ്ഞു. ക്രൗൺ പ്രോസിക്യൂഷൻ സർവീസിന്റെ കണക്കനുസരിച്ച് 136 ബലാത്സംഗങ്ങളും എട്ട് ബലാത്സംഗ ശ്രമങ്ങളും ഉൾപ്പെടെ 159 കുറ്റങ്ങൾക്കാണ് കോടതി ശിക്ഷ വിധിച്ചത്.

2018 ജൂണിൽ വിചാരണ ആരംഭിച്ച കേസുകളിലാണ് ഇപ്പോൾ ശിക്ഷ വിധിച്ചത്. കേസുകളുടെ വിചാരണ ഇക്കഴിഞ്ഞ ഡിസംബറിലാണ് അവസാനിച്ചത്. 2007 ൽ ബ്രിട്ടനിലേക്ക് മാറിയതിനുശേഷം സിനാഗ കൂടുതൽ പുരുഷന്മാരെ ആക്രമിച്ചതായി സംശയിക്കുന്നതായി അന്വേഷണസംഘം കോടതിയെ അറിയിച്ചിരുന്നു. രാജ്യത്തെ ചരിത്രത്തിലെ ഏറ്റവും മോശം ലൈംഗിക കുറ്റവാളി എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്.