കഴിഞ്ഞ മാർച്ച് മാസം മുതൽ മാധ്യമങ്ങളിലെ വലിയ ചർച്ച വിഷയമായിരുന്നു ജസ്‍ന മരിയാ ജെയിംസ് എന്ന പെൺകുട്ടി. വീട്ടില്‍ നിന്നും മുണ്ടക്കയത്തുള്ള ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞുപോയ ജെസ്‌നയെ പിന്നീടാരും കണ്ടിട്ടില്ല. ആ തിരോധാനത്തിന് ഇന്നേക്ക് ഒരുവയസ്സുതികയുന്നു. എവിടെ പോയെന്നോ എന്ത് സംഭവിച്ചെന്നോ ആർക്കും ഒരു നിശ്ചയവുമില്ല. അന്വേഷണങ്ങൾ മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും വ്യക്തമായ ഒരു വിവരങ്ങളും ലഭിച്ചിട്ടില്ല.

കാഞ്ഞിരപ്പള്ളി എസ് ഡി കോളജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയായിരുന്ന ജെസ്ന.
അന്വേഷണത്തില്‍ തുമ്പ് കണ്ടെത്താതെ വന്നതിനെ തുടര്‍ന്ന് കഴിഞ്ഞ സെപ്തംബറില്‍ എഡിജിപി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചു.

കാഞ്ഞിരപ്പള്ളി എസ് ഡി കോളജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയായിരുന്ന ജെസ്ന. 2018 മാര്‍ച്ച് 22ന് ബന്ധുവീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞായിരുന്നു വീട്ടില്‍ നിന്ന് ഇറങ്ങിയത്.

എരുമേലി വരെ ബസ്സില്‍ വന്നതിന് തെളിവുണ്ട്. പിന്നീട്, ജെസ്നയെ കണ്ടിട്ടില്ല. വീട്ടിൽ നിന്ന് മൊബൈൽ ഫോൺ എടുക്കാതെയാണ് പോയത്. ജെസ്‌നയെ കാണാതായ ദിവസം പിതാവ് എരുമേലി പോലീസ് സ്റ്റേഷനിലും പിറ്റേദിവസം വെച്ചൂച്ചിറ സ്റ്റേഷനിലും പരാതി നൽകി.

വെച്ചൂച്ചിറ പൊലീസ് കേസ് ആദ്യം അന്വേഷിച്ചത്. പിന്നീട്, തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും അന്വേഷണം നടത്തി. കുടക്, ബെംഗളൂരു എന്നിവടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. വീടിനു സമീപത്തും വനങ്ങളിലുമെല്ലാം തിരച്ചില്‍ നടത്തിയെങ്കിലും ശ്രമങ്ങള്‍ വിഫലമായി.

സംഭവദിവസം 16-തവണ ജെസ്‌നയുടെ ഫോണിലേക്ക് വിളിച്ച ആൺ സുഹൃത്തിനെ പലതവണ ചോദ്യം ചെയ്തു. ബെംഗളൂരു വിമാനത്താവളത്തിലും മെട്രോയിലും ജെസ്‌നയെ കണ്ടെന്ന വിവരത്തെത്തുടർന്ന് പോലീസ് ഇവിടെയെത്തി സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും പ്രത്യേകിച്ച് ഒരു തെളിവും കണ്ടെത്താനായില്ല. പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.

തുടര്‍ന്ന് എന്തെങ്കിലും സൂചന നല്കുന്നവര്‍ക്ക് അഞ്ചുലക്ഷം രൂപ ഇനാം ഡി.ജി.പി പ്രഖ്യാപിച്ചിരുന്നു. മൂന്ന് ജില്ലകളിലായി പന്ത്രണ്ട് ഇന്‍ഫര്‍മേഷന്‍ ബോക്‌സുകള്‍ സ്ഥാപിച്ച് വിവരങ്ങള്‍ ശേഖരിക്കാനും പോലീസ് ശ്രമിച്ചു. ബോക്സില്‍ നൂറിലധികം കത്തുകള്‍ വന്നെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല.

ഇതിനിടയ്്ക്ക് ജെസ്‌ന ബംഗളൂരുവിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയായ ജിഗിണിയില്‍ താമസിക്കുന്നുവെന്ന് ആരോ പറഞ്ഞു. ജിഗിണിക്ക് സമീപമുള്ള റിങ് റോഡില്‍ കട നടത്തുന്ന മലയാളിയാണ് ജെസ്‌നയുടെ രൂപസാദൃശ്യമുള്ള യുവതിയെ കണ്ടത്. ദിവസവും കുര്‍ത്തയും ജീന്‍സും ധരിച്ച് പോകുന്ന പെണ്‍കുട്ടിയുടെ കണ്ണടയും പല്ലിലെ കമ്പിയുമാണ് ഇയാള്‍ ശ്രദ്ധിച്ചത്.

രണ്ടു തവണ പെണ്‍കുട്ടി ഈ കടയില്‍ എത്തുകയും ചെയ്തു. സംശയം തോന്നിയ മലയാളിയായ കടയുടമ പെണ്‍കുട്ടിയെ സസൂക്ഷ്മം നിരീക്ഷിച്ചു. ഇതോടെ യുവതി കടയില്‍ നിന്ന് ഇറങ്ങിപ്പോയി. പിറ്റേന്ന് ആ വഴി പെണ്‍കുട്ടി വന്നപ്പോള്‍ അയാള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യമാണ് ഒടുവിലായി പുറത്തു വന്നിരിക്കുന്നത്.

ജസ്‍നയെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് കുടുംബം.എന്നെങ്കിലുമൊരിക്കൽ തന്റെ മകൾ തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് പിതാവ് ജെയിംസ്.

കാണാതായി ഒരു വർഷം തികയുമ്പോഴും ജസ്‌ന ഒരു ദുരൂഹതയായി തന്നെ നിലനിൽക്കുകയാണ്. അന്വേഷണങ്ങൾ പലവഴിക്ക് നടന്നെങ്കിലും ജസ്‌ന എവിടെ എന്ന ചോദ്യത്തിന് മാത്രം ഉത്തരമില്ല. ഒടുക്കം ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി ജസ്നയുടെ അധ്യായം പോലീസ് അവസാനിപ്പിക്കുമോ? അതോ അന്വേഷണം തുടരുമോ…?