കുട്ടികൾക്ക് ഇനി വായിച്ചു വളരാം ബോലോ ആപ്പിലൂടെ

0

”ജനിക്കും തൊട്ട് മകൻ ഇംഗ്ലീഷ് പഠിക്കണമെങ്കിൽ ഭാര്യയുടെ പ്രസവം അങ്ങ് ഇംഗ്ലണ്ടിലാക്കണം” …എന്ന കുഞ്ഞുണ്ണി മാഷുടെ വരികൾ വായനാ ശീലമുള്ളവരാരും തന്നെ മറന്നു കാണില്ല. എന്നാൽ ഇനി മുതൽ മകനെയോ, മകളെയോ ഇംഗ്ലീഷ് പഠിപ്പിക്കണമെങ്കിൽ ഇംഗ്ലണ്ടിൽ പോകേണ്ടകാര്യമില്ല പകരും കയ്യിലുള്ള സ്മാർട്ട് ഫോണിൽ ഗൂഗിളിന്റെ ബോലോ ആപ്പ് ഡൗൺലോഡ് ചെയ്‌താൽ മതിയാകും.

സ്മാര്‍ട്ട്ഫോണുകളുടെകടന്നുവരവോടെ പുതിയ തലമുറയില്‍ വായന കുറയുന്നുവെന്ന പരാതിക്ക് ഒരു പരിധിവരെ തടയിടാൻ ബോലോ ആപ്പിന് സാധിക്കും. കുട്ടികളില്‍ വായനാ ശേഷി മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമമാണ് ഗൂഗിളിന്റെ ബോലോ ആപ്പ് നടത്തുന്നത്.വായന നശിപ്പിക്കുന്ന സ്മാർട്ട് ഫോണിലൂടെ തന്നെ വായനാശീലം വളർത്തുക എന്ന ലക്ഷ്യതോടെയാണ് ഗൂഗിൾ ഈ പുതിയ ആപ് ആരംഭിച്ചത്. ഗ്രാമീണ മേഖലയിലെ വിദ്യാര്‍ഥികളില്‍ വായനയും കാര്യങ്ങളെ ഗ്രഹിക്കാനുള്ള ശേഷിയും വര്‍ധിപ്പിക്കുകയാണ് ബോലോ ആപിന്റെ ലക്ഷ്യം.ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് ബോലോ ആപ് പുറത്തിറക്കിയിരിക്കുന്നത്.

ഗൂഗിളിന്റെ സ്പീച്ച് റെക്കഗ്‌നിഷന്‍, ടെക്സ്റ്റ് റ്റു സ്പീച്ച് സാങ്കേതിക വിദ്യകളെ അടിസ്ഥാനമാക്കി നിര്‍മിച്ച ബോലോ ആപ്പ് തീര്‍ത്തും സൗജന്യമാണ്. വായിക്കുന്നതിന്റെ അര്‍ത്ഥം പറഞ്ഞുകൊടുക്കാനുള്ള കഴിവ് ആപ്ലിക്കേഷനില്ല. എന്നാല്‍ ഓരോ വാക്കും ഉച്ചരിക്കേണ്ടത് എങ്ങനെയെന്ന് ആപ്പ് പഠിപ്പിക്കും. ആന്‍ഡ്രോയിഡ് കിറ്റ് ക്യാറ്റ് പതിപ്പിന് ശേഷമുള്ള എല്ലാ ആന്‍ഡ്രോയിഡ് പതിപ്പിലും ബോലോ ആപ്പ് ഉപയോഗിക്കാം. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ഡൗണ്‍ ലോഡ് ചെയ്യാവുന്ന ബോലോ ആപ് ഓഫ് ലൈനിലും ഉപയോഗിക്കാനാകും.

ഈ ആപ് ഉപയോഗിച്ച് കുട്ടികള്‍ക്ക് ഒരേസമയം ഹിന്ദിയിലേയും ഇംഗ്ലീഷിലേയും പ്രാവീണ്യം വര്‍ധിപ്പിക്കാന്‍ സാധിക്കും. ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള നിരവധി കഥകളാണ് ആപില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ആപിനൊപ്പം 16കഥകളുണ്ടാകും കൂടുതല്‍. കഥകള്‍ ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്യാം. കൂടുതല്‍ കഥകള്‍ ഉള്‍പ്പെടുത്താന്‍ ശ്രമം തുടരുന്നുണ്ടെന്നും ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്. വൈകാതെ കൂടുതല്‍ ഭാഷകളിലും ബോലോ ആപ് എത്തും.

പരസഹായം കൂടാതെ കുട്ടികൾക്ക് വായിക്കാൻ കഴിയുന്ന രീതിയിലാണ് ഇതിലെ കഥകൾ ക്രമീകരിച്ചിരിക്കുന്നത്. ഗൂഗിളിന്റെ സ്പീച്ച് റെക്കഗ്‌നിഷന്‍ ആന്റ് ടെക്സ്റ്റ് ടു സ്പീച്ച് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനാൽ കുട്ടികൾ കഥകൾ വായിക്കുന്ന ഓരോ ഘട്ടങ്ങളിലും ആപ്പ് അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകും.
ഇതിനായി ഇവർക്കൊരു കൊച്ചു കൂട്ടുകാരിയെക്കൂടി ഗൂഗിൾ ഒരുക്കിയിട്ടുണ്ട്. ദിയ എന്ന അനിമേറ്റഡ് ഡിജിറ്റല്‍ അസിസ്റ്റൻറ്. കഥകള്‍ കുട്ടികള്‍ക്ക് വായിച്ചുകൊടുക്കാനും ആവശ്യമെങ്കില്‍ ഇംഗ്ലീഷ് കഥകളുടെ അര്‍ഥം ഹിന്ദിയില്‍ വിശദമാക്കാനും ദിയക്ക് സാധിക്കും.ദിയ കുട്ടികളെ വായനയിൽ പ്രോത്സാഹിപ്പിക്കുകയും അവരുടെ കഴിവുകൾ തിരിച്ചറിയുകയും ചെയ്യും. ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ ദിയയ്ക്ക് സംസാരിക്കാൻ സാധിക്കും. ശരിയായി വായിക്കുമ്പോൾ സബാഷ് എന്നോ വെരി ഗുഡ് എന്നോ പറയും. തെറ്റ് പറ്റുകയാണെങ്കിൽ അതും ദിയ പറഞ്ഞു തരും. ഹിന്ദിയിലും ഇംഗ്ലീഷിലുമായി നിരവധി കഥകളും ആപ്പിൽ ലഭ്യമാണ‌്.

കഴിഞ്ഞ മൂന്ന് മാസമായി ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയില്‍ 200 ഗ്രാമങ്ങളില്‍ പൈലറ്റ് പദ്ധതിയായി ബോലോ ആപ് കുട്ടികള്‍ ഉപയോഗിക്കുന്നുണ്ട്. ഈ മൂന്ന് മാസത്തിനിടെ കുട്ടികളില്‍ വായനാപാടവം 64 ശതമാനം വര്‍ധിച്ചെന്നും ഗൂഗിള്‍ ബ്ലോഗ് പോസ്റ്റില്‍ പറയുന്നു. ഇതിലൂടെ ഒരുപരിധിവരെ കുട്ടികളുടെ വായനാശീലം ഉയർത്താനാവുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.