ലോകം മുഴുവന്‍ ചുവടുവെയ്ക്കുന്ന ‘ജിമിക്കി കമ്മലിന്റെ’ യഥാര്‍ഥ ഉടമ ആരാണ്?

0

ജിമിക്കി കമ്മല്‍ ഇറങ്ങിയതോടെ ആ പാട്ടിന് ചുവടുവെയ്ക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല, അത്രയക്ക് ജനശ്രദ്ധ നേടി കഴിഞ്ഞു ഈ ഗാനം. എന്നാല്‍ ലോകം മുഴുവന്‍ ചുവടുവെയ്ക്കുന്ന ഈ ഗാനത്തിന്റെ യഥാര്‍ഥ ഉടമ ആരാണെന്ന് ആര്‍ക്കെങ്കിലും അറിയാമോ? എന്നാല്‍ അത് വേറെ ആരുമല്ല ചിത്രത്തിന്റെ തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകള്‍ സുസേന ബെന്‍ ആണ് ആ താരം.  അതിനെ കുറിച്ചു സുസേന തന്നെ പറയുന്നത് ഇങ്ങനെ:

സ്കൂളില്‍  വച്ചാണ് ഞാന്‍ ജിമിക്കി കമ്മല്‍ ആദ്യമായി കേള്‍ക്കുന്നത്. ഇത് വീട്ടില്‍  മൂളി നടക്കാറുണ്ടായിരുന്നു. ഞാന്‍ പാടുന്നത് കേട്ട് ഒരുദിവസം പപ്പ ഈ പാട്ടിനെക്കുറിച്ച് എന്നോട് തിരക്കി. പപ്പയ്ക്ക് പാട്ട് ഇഷ്ടമായി. പപ്പ ജിമിക്കി കമ്മലിനെക്കുറിച്ച് ലാല്‍ ജോസ് അങ്കിളിനോട് പറഞ്ഞു. അങ്ങിനെയാണ് ജിമിക്കി കമ്മല്‍ സിനിമയിലെത്തുന്നത്’. എറണാകുളം അസീസി വിദ്യാനികേതനിലാണ് സൂസേന  പഠിക്കുന്നത്.

സൂസേന കാരണമാണ് ഈ പാട്ട് സിനിമയില്‍ എത്തിയതെങ്കിലും അതിന്റെ യഥാര്‍ഥ സ്രാഷ്ടാവിനെ ഇപ്പോഴും തിരഞ്ഞു കൊണ്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെന്ന് ബെന്നി പി നായരമ്പലം പറയുന്നു . സുസേന്‍ ഇംഗ്ലീഷ് പാട്ടുകളാണ് കൂടുതലും പാടാറ്. ഒരു ദിവസം അവള്‍ വ്യത്യസ്തമായ ഒരു പാട്ട് പാടുന്നത് കേട്ടു. കൗതുകമുള്ള വരികളായിരുന്നു. ഞാന്‍ അവളോട് ഏതാണ് ഈ പാട്ടെന്ന് ചോദിച്ചു. സ്‌കൂളിലെ പിള്ളേര്‍ പാടുന്ന പാട്ടാണെന്ന് അവള്‍ പറഞ്ഞു. ഞാന്‍ ഈ പാട്ടിനെക്കുറിച്ച് അവളോട് കൂടുതല്‍ അന്വേഷിക്കാന്‍ പറഞ്ഞു. അപ്പോഴാണ് മനസ്സിലായത് ഇത് തലമുറകളായി കുട്ടികള്‍ പാടി പകര്‍ന്ന് നല്‍കിയ പാട്ടാണെന്ന്. ഇതേക്കുറിച്ച് ഞാന്‍ ലാല്‍ ജോസിനോട് സംസാരിച്ചു. അങ്ങിനെയാണ് ജിമിക്കി കമ്മല്‍ സിനിമയിലെത്തുന്നത്.

സിനിമയില്‍ കോളേജ് കുട്ടികള്‍ പാടുന്ന ഒരു സിറ്റുവേഷനുണ്ടായിരുന്നു. അപ്പോഴാണ് ഷാനിന്റെ അടുത്ത് ലാല്‍ ജോസ് പാട്ടിനെക്കുറിച്ച് പറയുന്നത്. ഞാനത് പാടി കേള്‍പ്പിച്ചപ്പോള്‍ ഷാനിനും ഇഷ്ടമായി. ഷാന്‍ അത് മൊബൈലില്‍ റെക്കോഡ് ചെയ്തു. അതിനുശേഷമാണ് അനില്‍ പനച്ചൂരാനെ വിളിച്ച് പാട്ടിന്റെ ബാക്കി വരികള്‍ എഴുതിക്കുന്നത്. ഇതിന്റെ യഥാര്‍ഥ അവകാശി ആരാണെന്ന് ഞങ്ങള്‍ക്ക് അറിയില്ല. അങ്ങിനെ ഒരാള്‍ വന്നാല്‍ ഞങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാണ്. ഈ പാട്ട് ഇത്രയും തരംഗമാകുമെന്ന് ഞങ്ങളാരും കരുതിയില്ല.