ഈ അമ്മയും മകനും ഒരല്‍പം വ്യത്യസ്തരാണ്; അമ്മയ്ക്ക് മകന്റെ സമ്മാനം മണാലിയിലൂടെ ഒരു ബൈക്ക് റൈഡ്

0

സാധാരണ ചെറുപ്പക്കാര്‍ കൂട്ടുകാര്‍ക്കൊപ്പം യാത്രകള്‍ ആഘോഷമാക്കുമ്പോള്‍ ഇവിടെ ഈ അമ്മയും മകനും ഒരല്‍പം വ്യത്യസ്താണ്. അമ്മയുമായി മണാലിയിലേക്കാണ് ഈ ചെറുപ്പക്കാരന്‍ ഒരു കിടിലന്‍ ബൈക്ക് യാത്ര നടത്തിയത്. കൈലാസവും ഉൾപ്പെടെ നിരവധി സ്ഥലങ്ങളിലേക്ക് ഗീത രാമചന്ദ്രൻ എന്ന അമ്മയെയും കൊണ്ട് ഈ മകൻ യാത്ര ചെയ്തത്.

കൈലാസ യാത്രകളുടെ വിവരണങ്ങളിലൂടെ പ്രശസ്തനായ എം കെ രാമചന്ദ്രന്റെ ഭാര്യയാണ് ഗീത. അച്ഛന്റെ എഴുത്തുകളിലൂടെ മാത്രം പരിചയിച്ച കൈലാസം അമ്മയ്ക്കു മുമ്പിലും അദ്ഭുതമാകണം എന്ന ആഗ്രഹത്താൽ ഇക്കഴിഞ്ഞ ജൂണിലാണ് ശരത് അമ്മയേയും കൊണ്ട്  കൈലാസത്തിലേക്ക് യാത്ര തിരിച്ചത്. യാത്ര കഴിഞ്ഞ്  ഇരുവരും തിരിച്ചെത്തിക്കഴിഞ്ഞു. ഈ യാത്രയുടെ വിവരണം ശരത്ത് ഫെയ്‌സ്ബുക്കിലെ ‘സഞ്ചാരി’ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത് നിമിഷ നേരം കൊണ്ട് വൈറലായി.

നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്നായിരുന്നു കൈലാസയാത്രയുടെ തുടക്കം. അപ്രതീക്ഷിതമായ ഒരു ഭാഗ്യയാത്രയ്ക്കു കൂടി പങ്കാളികളാകാൻ ആ ദിവസം സാധിച്ചു. ആ യാത്ര പർവത രാജനായ എവറസ്റ്റ് കാണാനായിരുന്നു. അടുത്തദിവസം കാലത്ത് എവറസ്റ്റിലേക്ക് വിമാനത്തിൽ ഒരു യാത്ര എന്ന് കേട്ടപ്പോൾ തന്നെ ഞാനും അമ്മയും ആദ്യം പേർ നൽകി. എവറസ്റ്റ് കയറുക എന്നത് വലിയൊരു ആഗ്രഹമാണ് ഭഗവാൻ അത് നടത്തി തരട്ടെ. അമ്മയോടൊപ്പം അത് സാധ്യമല്ല എന്നത് വലിയൊരു വിഷമവും അപ്പോഴാണ് ഇങ്ങനെ ഒരു അവസരം.

എവറസ്റ്റിന് മുകളിലൂടെ ഒരു വിമാന യാത്ര. ത്രിഭുവൻ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും ശ്രീ എയർലൈൻസിൽ പുറപ്പെട്ടു. ഏകദേശം അര മണിക്കൂർ പിന്നിട്ടപ്പോൾ മേഘങ്ങൾക്കു മുകളിൽ മഞ്ഞിന്റെ മായാഗോപുരം തീർത്ത് തലയെടുപ്പോടെ നിൽക്കുന്ന പർവതരാജൻ ദൃശ്യമായി.ഒരു നിമിഷം ഞങ്ങൾ ദേവലോകത്താണോ എന്ന് തോന്നിപ്പോയി ….ഗൗരിശങ്കർ അടക്കമുള്ള പർവതങ്ങൾ പിന്നിട്ട് മുൻപോട്ട് നീങ്ങിയപ്പോൾ അതാ തൊട്ടടുത്തായി ലോകത്തിലെ പർവതാരോഹകരുടെ സ്വപ്ന സാമ്രാജ്യം എവറസ്റ്റ് കൊടുമുടി. ഉള്ളിലെ സന്തോഷവും വിസ്മയവും ഒത്തുചേർന്ന ആ മുഹൂർത്തത്തിൽ  ഞങ്ങൾ പരസ്പരം നോക്കി. അമ്മ സന്തോഷം കൊണ്ട് എന്തു പറയണമെന്നറിയാതെ ചിരിച്ചു. ആ ചിരിയാണല്ലോ മകന് കിട്ടാവുന്ന ഏറ്റവും വലിയ സമ്മാനം. എവറസ്റ്റ് കൊടുമുടിയെക്കുറിച്ച് വർണ്ണിക്കുവാൻ വാക്കുകൾ പോരാതെ വരും. ഞങ്ങൾ പൈലറ്റിന്റെ ക്യാബിനിൽ നിന്ന് ആ പർവത രാജനെ. ഹിമ സാമ്രാജ്യത്തെ വിശദമായി നോക്കിക്കണ്ടു. പ്രണമിച്ചു. ഏകദേശം ഒരു മണിക്കൂർ നീണ്ട യാത്ര. തിരിച്ച് ത്രിഭുവനിലേക്ക്.

ആദ്യത്തെ ദിവസം താമസിച്ചത് നേപ്പാൾഗുഞ്ച് എന്ന സ്ഥലത്തായിരുന്നു. പിറ്റേന്ന് കാലത്തുതന്നെ ഞങ്ങൾ സിനിക്കോട്ട് എന്ന സ്ഥലത്തു എത്തിച്ചേർന്നു. വളരെ ചെറിയൊരു ഗ്രാമമാണത്. അന്ന് താമസിച്ചത് ആ ഗ്രാമത്തിലായിരുന്നു. യാത്രയുടെ സന്തോഷവും ചെറിയ ടെൻഷനുമൊക്കെയായി ആ രാത്രി അങ്ങനെ അവസാനിച്ചു. അവിടെ നിന്നും യാത്ര ഹെലികോപ്ടറിലായിരുന്നു. ഞങ്ങൾ ഹിൽസ എന്ന സ്ഥലത്ത് എത്തിച്ചേർന്നു. നേപ്പാളിന്റെ വടക്കുപടിഞ്ഞാറൻ അതിർത്തിയിലുള്ള പട്ടണമാണത്. ഹിൽസയിലെ ചെക് പോസ്റ്റിനപ്പുറം അതിർത്തിയാണ്.

ടിബറ്റിന് സ്വയംഭരണാധികാരമുള്ള പ്രദേശമാണ് നേപ്പാൾ ചെക്ക് പോസ്റ്റിനപ്പുറമെങ്കിലും ചൈനയുടെ അധികാരപരിധിയിലുള്ള സ്ഥലമാണ്. അതുകൊണ്ടു തന്നെ വളരെ കഠിനമായ പരിശോധനകൾക്കു ശേഷമേ കടത്തിവിടാറുള്ളു. ഇമിഗ്രേഷൻ ലഭിക്കാൻ കുറച്ചു ബുദ്ധിമുട്ടാണ്. മൊബൈൽ ഫോൺ അടക്കമുള്ള എല്ലാം പരിശോധിക്കും. ടിബറ്റിന്റെ ആത്മീയാചാര്യനായ ദലൈലാമയുടെ ചിത്രങ്ങൾ ഫോണിൽ സൂക്ഷിച്ചിട്ടുണ്ടെങ്കിൽ, കൈലാസയാത്രയ്ക്ക് ആ ചെക്‌പോസ്റ്റിൽ അവസാനമാകും. അവിടെ നിന്നും തിരിച്ചയക്കും. ഇക്കാര്യങ്ങളൊക്കെ നേരത്തെ തന്നെ അറിയാമായിരുന്നതുകൊണ്ട് സംശയം തോന്നുന്നതരത്തിലുള്ള യാതൊരു ഫോട്ടോകളും ഫോണിൽ സൂക്ഷിക്കാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വിശദമായ പരിശോധനാ നടപടികൾക്ക് ശേഷം ഇമിഗ്രേഷൻ ലഭിച്ചു. ഞങ്ങൾ സന്തോഷത്തോടെ യാത്ര ആരംഭിച്ചു.

തക്ലക്കോട്ടിൽ നിന്നും മാനസസരോവറാണ് ഇനി ഞങ്ങളുടെ ലക്‌ഷ്യം. വായുമലിനീകരണത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതുകൊണ്ടു തന്നെ യാത്ര ഇനി മലിനീകരണത്തോത് വളരെ കുറഞ്ഞ വാഹനത്തിലാണ്. യാത്ര മാനസസരോവർ അടുക്കാറാകുമ്പോൾ രാക്ഷസഥാൽ എന്ന തടാകം കാണാം. ലങ്കേശനായ രാവണനുമായി ബന്ധപ്പെട്ടാണ് ഈ നദിക്ക്  ആ പേര് കൈവന്നതെന്നാണ് ഐതീഹ്യം. കാഴ്ചയ്ക്കു മനോഹരമെങ്കിലും അമംഗളകരമായി കരുതപ്പെടുന്ന ഈ നദിയിൽ മൽസ്യങ്ങളോ ജലജീവികളോ ഒന്നുമുണ്ടാകില്ലെന്നാണ് പറയപ്പെടുന്നത്. ഭൂമിയിൽ ഇതുപോലെ വിശിഷ്ടമായ തടാകം വേറെയില്ല. ആ രാത്രി മനസസരോവറിലാണ് ഞങ്ങൾ താമസിച്ചത്. രാത്രിയിൽ മാനസസരോവറിന്റെ തീരത്തു പോയി. തൊണ്ണൂറ്റൊൻപതു കിലോമീറ്റർ ചുറ്റളവുള്ള, ലോകത്ത് ഏറ്റവും ഉയരമേറിയ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ശുദ്ധജല തടാകമാണു മാനസസരോവരം. വെളുത്തപ്പുതപ്പിനു മീതെ തെളിനീരു നിറച്ച വെള്ളിപ്പാത്രം വച്ചതു പോലെ മനോഹരമാണ് .രാത്രിയിലെ നദി വേറിട്ടൊരു കാഴ്ചയാണ്. അതിസുന്ദരമായിരുന്നു ആ അനുഭവം. ആകാശവും ആ പർവ്വതാഗ്രങ്ങളും കണ്ടുകൊണ്ടുള്ള  ഉറക്കം..’ഹാ.. മനോഹരം’. ദിവസങ്ങൾ ഇത്ര കഴിഞ്ഞിട്ടും ആ ഓർമ്മകൾ പോലും പുളകംകൊള്ളിക്കുന്നു.

മനസസരോവറിൽ നിന്നുനോക്കിയാൽ കൈലാസത്തിന്റെ അഗ്രം കാണാം. പിറ്റേന്ന് കാലത്തു ഞങ്ങൾ യമദ്വാറിലേക്കു യാത്ര തിരിച്ചു. അവിടെ നിന്നാണ് പരിക്രമ തുടങ്ങുന്നത്. പരിക്രമ എന്നാൽ കൈലാസ പർവതത്തെ വലംവെയ്ക്കുക എന്നതാണ്. അറുപതു കിലോമീറ്റർ നീണ്ടു നിൽക്കുന്ന യാത്രയാണ്. യാത്ര നദീതീരത്തു കൂടിയാണ്. ഉയരങ്ങളിലേക്കു ചെല്ലുംതോറും അമ്മയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകൾ എന്തെങ്കിലും ഉണ്ടാകുമോ എന്ന ഭയം എനിക്കുണ്ടായിരുന്നു. കൈലാസയാത്രയുടെ ആദ്യദിനത്തിൽ ട്രെക്കിങ് അവസാനിക്കുന്നത് ധെറാപുകിലാണ്. പർവതത്തിന്റെ മുകളിലെത്തുമ്പോഴേക്കും നടന്നു കാലുകൾ തളർന്ന് ക്ഷീണിതരാകും. ദാഹവും വിശപ്പുമെല്ലാം കൈലാസമെന്ന വലിയ ലക്ഷ്യത്തിനു മുന്നിൽ മറന്നു പോകുന്ന യാത്രയായിരുന്നു. ധെറാപുക്കിന്റെ അതേ ഉയരത്തിൽ നേരേ അപ്പുറത്താണ് കൈലാസം. പരിക്രമയിൽ ഏറ്റവും വ്യക്തമായി കൈലാസം കാണാവുന്ന സ്ഥലമാണു ധെറാപുക്. കൈലാസ പർവതത്തിന്റെ വടക്കുഭാഗമാണിത്. യാത്രയുടെ എല്ലാ ക്ഷീണത്തെയും മറികടക്കാൻ സാധിക്കുന്നത്രയും മനോഹരമാണ് അവിടെ നിന്നുള്ള കാഴ്ചകൾ.

തിരികെയുള്ള ഇറക്കവും അൽപം പ്രയാസകരമാണ്. ആ പുണ്യഭൂമിയിൽ നിന്നും പതിനഞ്ചാം നാളാണ് ഞങ്ങൾ തിരിച്ച് നാട്ടിലെത്തിയത്. സ്വപ്നതുല്യമായ യാത്രയായിരുന്നു അത്. ജീവിതത്തിലൊരിക്കലും ഇത്ര സുന്ദരമായ കാഴ്ചകൾ കാണാൻ ഇനി സാധിച്ചുവെന്നും വരില്ല. മേഘങ്ങൾ കൊണ്ടുമൂടിയ അന്തരീക്ഷം ശരിക്കും അദ്ഭുതമായി തോന്നി. അതിനൊപ്പം തന്നെ അമ്മയ്ക്ക് ഈ അദ്ഭുത കാഴ്ചകൾ സമ്മാനിക്കാൻ സാധിച്ചല്ലോ എന്നോർത്തപ്പോൾ വളരെയധികം സന്തോഷംതോന്നി. ഒരുപക്ഷെ, അമ്മയ്ക്കുവേണ്ടി എനിക്ക് ചെയ്യാൻ സാധിച്ച ഏറ്റവും വലിയ കാര്യവും ഇത് തന്നെയാകും. – ശരത് പറയുന്നു. ചിത്രങ്ങള്‍ക്ക് കടപ്പാട്: ശരത് കൃഷ്ണന്‍