ജോലി ഇല്ല, നികുതി അടയ്ക്കാൻ പണമില്ല: കങ്കണ റണാവത്

0

കഴിഞ്ഞ വർഷം മുതൽ ജോലി ഇല്ലാത്തതിനാൽ നികുതി അടയ്ക്കാൻ കഴിയുന്നില്ലെന്ന് ബോളിവുഡ് നടി കങ്കണ റണാവത്. ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ നികുതി അടയ്ക്കുന്ന താരമാണ് താനെന്നും ‘വരുമാനത്തിന്റെ 45 ശതമാനവും നികുതി നല്‍കുന്നയാളാണ് ഞാൻ എന്നും കങ്കണ പറഞ്ഞു. ജോലി ഇല്ലാത്തതിനാൽ പോയ വർഷത്തെ നികുതിയുടെ പകുതി ഇനിയും അടയ്ക്കാനായിട്ടില്ലെന്നും ഇത് ജീവിതത്തിൽ ആദ്യമായാണെന്നും താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.

‘വരുമാനത്തിന്റെ 45 ശതമാനവും നികുതി നല്‍കുന്നയാളാണ് ഞാന്‍. ഏറ്റവും കൂടുതല്‍ നികുതി സര്‍ക്കാരിന് നല്‍കുന്ന ബോളിവുഡ് നടിയെന്ന പദവിയും സ്വന്തമാണ്. എന്നാല്‍ കഴിഞ്ഞ കുറച്ചു നാളുകളായി പുതിയ പ്രോജക്ടുകളൊന്നുമില്ല. കഴിഞ്ഞ വര്‍ഷത്തെ നികുതിയുടെ പകുതി മാത്രമാണ് ആകെ അടച്ചത്.’–കങ്കണ പറയുന്നു.

‘ഇതാദ്യമാണ് ഇങ്ങനൊരു അവസ്ഥ ജീവിതത്തില്‍ നേരിടുന്നത്. ഞാന്‍ നികുതി അടയ്ക്കാന്‍ വൈകി, അടയ്ക്കാത്ത ആ നികുതി പണത്തിന് സര്‍ക്കാര്‍ പലിശ ഈടാക്കുന്നുണ്ട്, എന്നിട്ടും ഞാന്‍ ഈ നീക്കത്തെ സ്വാഗതം ചെയ്യുന്നു. വ്യക്തിപരമായി എല്ലാവര്‍ക്കും നഷ്ടങ്ങള്‍ നേരിടുന്ന കാലഘട്ടമാണിത്, എത്രയും പെട്ടെന്ന് എല്ലാം ശരിയാകട്ടെയെന്ന് ആഗ്രഹിക്കുന്നു.’

കോവിഡ് കാലത്ത് ഏറെ വിവാദപരമായ പ്രസ്താവനകള്‍ നടത്തി വാര്‍ത്തകളില്‍ നിറയാറുള്ള താരമാണ് കങ്കണ. കോവിഡ് വെറും ജലദോഷ പനിയാണെന്ന നടിയുടെ പ്രസ്താവ വിവാദമായിരുന്നു. പിന്നാലെ ഇത് തെറ്റാണെന്നും രോഗമുക്തിക്ക് ശേഷം തനിക്ക് നിരവധി ആരോഗ്യ പ്രശ്‌നങ്ങളുണ്ടായെന്നും വ്യക്തമാക്കി കങ്കണ രംഗത്തെത്തിയിരുന്നു.