കരിപ്പൂർ വിമാനപകടം: ചികിത്സയിലിരുന്നയാൾ മരിച്ചു

0

പാലക്കാട്∙ കരിപ്പൂർ വിമാനപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരുന്ന ഒരാൾ മരിച്ചു. മഞ്ചേരി തിരുവാലി ശ്രീ വിഹാറിൽ അരവിന്ദാക്ഷൻ (ബേബി 67) ആണ് ഞായറാഴ്ച രാത്രി 11 മണിയോടെ മരിച്ചത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അരവിന്ദാക്ഷന് കഴിഞ്ഞദിവസം ഹൃദയാഘാതം ഉണ്ടാവുകയും ശസ്ത്രക്രിയ നടത്തുകയും ചെയ്തിരുന്നു.

സുഖം പ്രാപിച്ചു വരുന്നതിനിടയിലാണ് മരണം. അപകടത്തിൽ പരുക്കേറ്റ അരവിന്ദാക്ഷന്റെ ഭാര്യ സതിയും പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ദുബായിലുള്ള മകന്റെ അടുക്കലേക്ക് പോയതായിരുന്നു സതിയും അരവിന്ദാക്ഷനും. അരവിന്ദാക്ഷന്റെ സംസ്കാരം കോവിഡ് പരിശോധനകൾക്ക് ശേഷം തിരുവില്വാമല ഐവർമഠത്തിൽ നടത്തും.

ഈ മാസം ഏഴിനാണ് കരിപ്പൂരിൽ ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തിൽപ്പെട്ടത്. പൈലറ്റും യാത്രക്കാരുമടക്കം 18 പേർ അന്നു തന്നെ മരിച്ചിരുന്നു. പരുക്കേറ്റവർ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ചിരുന്നു.