പ്രവാസികൾക്ക് ആശ്വാസം; പിപിഇ കിറ്റ് ധരിച്ച് കേരളത്തിലേക്ക് വരാം; കിറ്റുകൾ വിമാനക്കമ്പനി വഴി

0

കൊവിഡ് സർട്ടിഫിക്കറ്റ് ഇല്ലാതെ പ്രവാസികൾക്ക് നാട്ടിലേക്ക് വരാനാകില്ലെന്ന നിബന്ധനയിൽ ഇളവ് വരുത്തി സംസ്ഥാനസർക്കാർ. നാട്ടിലേക്ക് മടങ്ങുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കേണ്ടെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു.

കോവിഡ് 19 പരിശോധനയില്ലാത്ത വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്ന പ്രവാസികള്‍ക്ക് പിപിഇ കിറ്റ് ധരിച്ച് നാട്ടിലേക്ക് വരാന്‍ അനുമതി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പിപിഇ കിറ്റുകള്‍ നല്‍കുന്നതിന് വിമാനക്കമ്പനികള്‍ സൗകര്യമൊരുക്കണം. അതിനുള്ള ചെലവ് ആര് വഹിക്കേണ്ടി വരും എന്നതില്‍ വ്യക്തതയായിട്ടില്ല.

പരിശോധനാസൗകര്യമില്ലാത്ത സൗദി, കുവൈറ്റ്, ബഹ്റിൻ, ഒമാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഇളവ്. ഖത്തറിലും യുഎഇയിലും പരിശോധനാസൗകര്യങ്ങളുണ്ട്. ഇവിടെ നിന്ന് വരുന്നവർക്ക് പരിശോധന നിർബന്ധമാണ്. ഏറ്റവും കൂടുതൽ ചാർട്ടേഡ് വിമാനങ്ങൾ കേരളത്തിലേക്ക് എത്തുന്നത് സൗദി, ഒമാൻ, ബഹ്റൈൻ അടക്കമുള്ള രാജ്യങ്ങളിൽ നിന്നാണ്. ഇവിടെ പരിശോധനാസൗകര്യം കുറവാണെന്ന പരാതി വ്യാപകമായി ഉയർന്നിരുന്നതാണ്. അതിനാലാണ് ഇവിടെ നിന്ന് വരുന്ന യാത്രക്കാർക്കാണ് പിപിഇ കിറ്റ് മതിയെന്ന ഇളവ് നൽകുന്നത്. എന്നാല്‍ കോവിഡ് 19 പരിശോധനാ സൗകര്യമുള്ള രാജ്യങ്ങളില്‍ നിന്ന് കോവിഡ് 19 പരിശോധനാ സര്‍ട്ടിഫിക്കറ്റ് തുടര്‍ന്നും നിര്‍ബന്ധമാക്കും.

പ്രവാസികള്‍ കോവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വാങ്ങിയേ വരാവൂ എന്നായിരുന്നു സര്‍ക്കാരിന്റെ മുന്‍നിലപാട്. എന്നുമുതല്‍ പുതിയ നിര്‍ദേശങ്ങള്‍ നടപ്പിലാക്കും എന്നതടക്കമുള്ള കാര്യങ്ങള്‍ മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുമ്പോള്‍ അറിയാന്‍ കഴിയും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങങ്ങള്‍ ശക്തമാക്കാനാണ് തീരുമാനം.

വിമാനകമ്പനികളോട് പിപിഇ കിറ്റ് ഏർപ്പെടുത്തണമെന്ന് സർക്കാർ ആവശ്യപ്പെടും. നേരത്തെ, വിമാനക്കമ്പനിയായ സ്പൈസ് ജെറ്റ് കോവിഡ് പരിശോധന നടത്തി പ്രവാസികളെ എത്തിക്കാമെന്ന് സർക്കാരിനെ അറിയിച്ചിരുന്നു. പിപിഇ കിറ്റ് ധരിച്ച് യാത്രക്കാർ എത്തിയാൽ രോഗവ്യാപനം കുറയുമെന്നാണ് സർക്കാർ വിലയിരുത്തൽ. ചിലവും കുറവാണ്. വിമാന കമ്പനികളുടെ പ്രതികരണം നിർണായകമാണ്. ഇതു സംബന്ധിച്ച ചർച്ചകൾ തുടരുകയാണെന്ന് നോർക്ക അധികൃതർ അറിയിച്ചു. എൻ 95 മാസ്ക് ഉള്ളതോ ഇല്ലാത്തതോ ആയ പിപിഇ കിറ്റ് മതിയെന്നും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

ഗൾഫ് രാജ്യങ്ങളിൽ യാത്രികരെ ടെസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വിദേശകാര്യമന്ത്രാലയത്തിന് സംസ്ഥാനസർക്കാർ കത്ത് നൽകിയിരുന്നു. വിദേശകാര്യമന്ത്രാലയം ഇതുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളിലെ വിവിധ മിഷനുകളുമായി ആശയവിനിമയം നടത്തി. എന്നാൽ വിവിധ രാജ്യങ്ങളിലും നോ കൊവിഡ് സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സൗകര്യമില്ല എന്നാണ് സർക്കാരിനെ മിഷനുകൾ അറിയിച്ചത്.

യുഎഇ റാപ്പിഡ് ആന്‍റിബോഡ‍ി ടെസ്റ്റ് നടത്തുന്നു. ഖത്തറിൽ ഒരു പ്രത്യേക ആപ്പ് ഉപയോഗിക്കുന്നുണ്ട്. ഇതിൽ ഗ്രീൻ സ്റ്റാറ്റസുള്ളവർക്ക് മാത്രമേ യാത്ര ചെയ്യാനാകൂ. കുവൈറ്റിൽ നിലവിൽ രണ്ട് ടെർമിനലുകളിൽ മാത്രമാണ് ഇപ്പോൾ ടെസ്റ്റുള്ളത്. ഇത് കൂടുതൽ ടെർമിനലുകളിലേക്ക് വ്യാപിപ്പിക്കാനാകുമോ എന്ന് പരിശോധിച്ച് വരികയാണ്. കുവൈറ്റിൽ ടെസ്റ്റൊന്നിന് ഏതാണ്ട് 1000 രൂപയാണ് ചെലവ് വരിക. ഒമാനിൽ ആർടിപിസിആർ ടെസ്റ്റ് മാത്രമേ ഉള്ളൂ. സ്വകാര്യആശുപത്രികളെ എംബസി സമീപിച്ചു. എന്നാൽ ജൂൺ 25-ന് ഇത് പ്രാവർത്തികമാക്കാൻ ബുദ്ധിമുട്ടുണ്ടെന്നാണ് സംസ്ഥാനസർക്കാരിന് വിവരം ലഭിച്ചത്. സൗദിയിലും റാപ്പിഡ് ആന്‍റിബോഡി ടെസ്റ്റ് ചില സ്വകാര്യ ആശുപത്രികൾ നടത്തുന്നു. ഇത് സർക്കാർ അംഗീകരിച്ചിട്ടില്ല. ബഹ്റിനിൽ ഇതിന് പ്രയാസമുണ്ടെന്നാണ് അറിയിപ്പ് ലഭിച്ചത്. ഈ സാഹചര്യത്തിലാണ് നിലവിലുള്ള വ്യവസ്ഥകളിൽ ഇളവ് വരുത്താൻ സംസ്ഥാനസർക്കാർ തീരുമാനിച്ചത്. സർക്കാർ തീരുമാനത്തെ വിവിധ പ്രവാസിസംഘടനകൾ സ്വാഗതം ചെയ്യുകയും ചെയ്യുന്നു.