ഇന്ന് തിരുവോണം: സദ്യയൊരുക്കിയും പൂക്കളമിട്ടും മലയാളികൾ

0

ഇന്ന് തിരുവോണം.മാവേലിനാടുവാണ സുന്ദരകാലത്തിന്റെ ഓർമ്മപുതുക്കി സമൃദ്ധിയുടെ ചിങ്ങമാസ പുലരിയിൽ തിരുവോണത്തിനെ വരവേറ്റ് മലയാളികൾ. ജാതിമത ഭേദമെന്യേ എല്ലാ മനുഷ്യരും ഒന്നിച്ച് ആഘോഷിക്കുന്ന സുദിനം കൂടിയാണിന്ന്. അത്തപ്പൂക്കളം ഒരുക്കിയും,സദ്യവട്ടം ഒരുക്കിയും ഓണക്കോടി അണിഞ്ഞും ഓണത്തെ ആഘോഷപൂർവം വരവേൽക്കാൻ ഏവരും ഒരുങ്ങി കഴിഞ്ഞു.

കാര്‍ഷിക സംസ്‌കാരത്തിന്റെ വിളവെടുപ്പുത്സവമായ ഓണം കാലക്രമേണ ഐശ്വര്യത്തിന്റെ, പ്രതീക്ഷയുടെ, ഒത്തു ചേരലിന്റെ ഉത്സവമായി പരിണമിക്കുകയായിരുന്നു. ഉള്ളവനും ഇല്ലാത്തവനും എന്ന വേർതിരിവില്ലാതെ, ജാതിമതഭേദമില്ലാതെ കേരളക്കര മുഴുവൻ ഒരേ മനസ്സോടെ ആഘോഷിക്കുന്ന ഉത്സവമാണ് ഓണം.

മുക്കുറ്റിയും, തുമ്പയും തെച്ചിയുമെല്ലാം, നമ്മുടെ തൊടികളിൽ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഈ നൂതന കാലത്തും ഗൃഹാതുര സ്മരണകളിലേക്കുള്ള ഒരു തിരിച്ച് പോക്കാണ് മലയാളിക്ക് ഓണം. പുത്തൻ കാലത്തിന്റെ രീതികള്‍ക്കൊപ്പം ആഘോഷങ്ങള്‍ മാറിയെങ്കിലും, മലയാളിയുടെ മനസിലെ ഓണം ഇന്നും പഴയ വർണ്ണപ്പകിട്ടും ചാരുതയും നിലനിർത്തുന്നതാണ്.

കേരളത്തിലെ ഏക വാമന ക്ഷേത്രമായ തൃക്കാക്കരയിൽ പതിവ് തെറ്റിക്കാതെ വിപുലമായ രീതിയിലാണ് ഓണാഘോഷം. ഓണം പ്രമാണിച്ചുള്ള ചടങ്ങുകൾ പുലർച്ചെ തന്നെ ആരംഭിച്ചു. പാതാളത്തിലേക്ക് ചവുട്ടി താഴ്ത്തിയ മഹാബലിയെ വാമനൻ സ്വീകരിച്ചു ആനയിക്കുന്ന ചടങ്ങ് രാവിലെ നടക്കും. പ്രസിദ്ധമായ തിരുവോണ സദ്യയും ഇന്നാണ്.

കാലം മാറുന്നത് അനുസരിച്ച് ഓണാഘോഷത്തിൽ വൈവിധ്യങ്ങൾ ഏറുന്നതല്ലാതെ കുറയുന്നതായി കാണാറില്ല. മാവേലിത്തമ്പുരാനെ കാത്ത് അത്തം മുതല്‍ തീര്‍ക്കുന്ന പൂക്കളങ്ങളും, ഓണക്കോടികളുടെ പുത്തൻ ഗന്ധവും ഓരോ തിരുവോണനാളിലും കേരളക്കരയാകെ അലയടിക്കാറുണ്ട്. മനസ്സില്‍ ഓണക്കാലത്തിന്റെ നന്മസൂക്ഷിക്കുന്ന എല്ലാ മലയാളികള്‍ക്കും പ്രവാസി എക്‌സ്പ്രസിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍.