വടകരയിൽ രണ്ട് വയസുകാരൻ തോട്ടിൽ വീണ് മുങ്ങി മരിച്ചു

0

വടകര കുന്നുമ്മക്കരയിൽ രണ്ട് വയസുകാരൻ തോട്ടിൽ വീണ് മുങ്ങി മരിച്ചു. കണ്ണൂക്കരയിലെ പട്ടാണി മീത്തൽ ഷം ജാസിന്റെ മകൻ മുഹമ്മദ് റൈഹാൻ ആണ് മരിച്ചത്. വീടിനരികെയുള്ള തോട്ടിൽ വീണാണ് അപകടമുണ്ടായത്. മൂത്ത സഹോദരൻ വീടിനടുത്തുള്ള കടയിൽ ബ്രഡ് വാങ്ങാൻ പോയപ്പോൾ പിന്നാലെ സഹോദരനും വീട്ടുകാരും അറിയാതെ കുട്ടിയും കൂടെ പോയി.ഇന്നലെ പെയ്ത ശക്തമായ മഴയിൽ വീടിനടുത്തുള്ള ചെറിയ തോട് നിറഞ്ഞു കവിഞ്ഞിരുന്നു. ഈ തോട്ടിൽ കുട്ടി വീഴുകയായിരുന്നു. അടുത്തുള്ള കച്ചവടക്കാരനാണ് കുട്ടി വെള്ളത്തിൽ വീണത് കണ്ടത്. രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു അപകടം. ഉടൻ വടകര ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഗവ. ആശുപത്രിയിലേക്കു മാറ്റി.

അതേസമയം സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 21 ആയി. കോട്ടയം കൂട്ടിക്കലിൽ ഇന്നലെയുണ്ടായ ഉരുൾപൊട്ടലിൽ മാത്രം 11 പേരാണ് മരിച്ചത്. കൊക്കയാറിൽ ഉരുൾപൊട്ടിയ പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. പാലക്കാടും തൃശ്ശൂരും മഴ തുടരുന്നു. നദികളിലും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ വീടുകളിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിച്ചു. ബുധനാഴ്ച മുതൽ വീണ്ടും മഴ കനക്കുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്.