ദിലീപിന്റെ ജീവിതം പറയുന്ന സിനിമയാണോ ഇര; ഇര സിനിമയുടെ പോസ്റ്ററുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു

0

നടി ആക്രമിക്കപ്പെട്ട കേസും പിന്നാലെയുണ്ടായ ദിലീപിന്റെ അറസ്റ്റ് ഉള്‍പ്പെടെയുള്ള സംഭവ വികാസങ്ങളും ഏറെ പ്രാധാന്യം നേടിയിരുന്നു. ഇപ്പോള്‍ ഇര എന്ന സിനിമയെ ചുറ്റിപറ്റിയുള്ള അഭ്യുഹങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ശക്തമാകുന്നത്.  നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയുള്ള ദിലീപിന്റെ ജീവിതം പറയുന്ന സിനിമയാണോ ഇര എന്നാണ് ഏവരുടേയും ആകാംക്ഷ. പുലിമുരുകന് ശേഷം വൈശാഖും, ഉദയകൃഷ്ണയും ഒന്നിക്കുന്ന സിനിമയാണ് ഇര. എന്നാല്‍ സംവിധായകനല്ല, നിര്‍മാതാവായാണ് വൈശാഖ് ഇരയില്‍ ഉദയകൃഷ്ണയുമായി ഒന്നിക്കുന്നത്.

വൈശാഖിന്റെ അസോസിയേറ്റായിരുന്ന സൈജു എസ് ആണ് ഇര സംവിധാനം ചെയ്യുന്നത്. ഉണ്ണി മുകുന്ദനാണ് നായകന്‍. ചെയ്യാത്ത കുറ്റത്തിന് കുറ്റവാളിയാക്കപ്പെടുന്ന ഒരു യുവാവിന്റെ കഥ പറയുന്ന സിനിമയാണിതെന്നാണ് പറയപ്പെടുന്നത്. ഒരു സ്ത്രീയുടെ പ്രതികാരവും സിനിമയില്‍ വിഷയമാകുന്നു. അതിനിടെ ജാമ്യം ലഭിച്ചതിന് ശേഷം ജയിലില്‍ നിന്നും പുറത്തേക്ക് വരുന്ന ദിലീപിന്റേതിനോട് സാദ്യശ്യമുള്ള രീതിയിലെ ഇര സിനിമയുടെ പോസ്റ്ററുകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ജാമ്യം കിട്ടി ജയിലില്‍ നിന്നും പുറത്തിറങ്ങുന്ന ദിലീപിന്റേതിന് സമാനമായ രൂപത്തില്‍ ഉണ്ണിമുകുന്ദന്റെ മുഖം വരുന്ന പോസ്റ്ററാണ് പ്രചരിക്കുന്നത്.