മലേഷ്യയിൽ കപ്പലിൽ നിന്നു വീണ് കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി

0

ക്വലാലംപൂർ: മലേഷ്യയിൽ കപ്പലിൽ നിന്നും വീണ് കാണാതായ തിരുവനന്തപുരം ശ്രീകാര്യം സ്വദേശി ഇന്ദ്രജിത്തി(21) ന്റെ മൃതദേഹം കണ്ടെത്തി.മലേഷ്യയിലെ പ്രവാസി മലയാളി അസോസിയേഷൻ ജനറൽ സെക്രട്ടറി ബാദുഷ യാണ് വിവരങ്ങൾ മാധ്യമങ്ങളെ അറിയിച്ചത്. മേയ് പതിമൂന്നു മുതലുള്ള ഇന്ദ്രജിത്തിനായുള്ള ഊർജിതമായ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.

മൃതദേഹം ലഭിച്ച മലേഷ്യയുടെ കിഴക്കൻ പ്രവിശ്യയായ സറാവാകിനടുത്തുള്ള ഉൾപ്രദേശത്ത് നിന്നും ഇൻക്വസ്റ്റ് നടപടികൾക്കായുള്ള ആശുപത്രി സൗകര്യമുള്ള സ്ഥലത്തേക്ക് ആറുമണിക്കൂറോളം യാത്രയുള്ളതിനാൽ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് കാലതാമസമുണ്ടാവുമെന്നും ബാദുഷ അറിയിച്ചു. തുടർനടപടികൾക്കായി പ്രവാസി മലയാളി അസോസിയേഷൻ ഭാരവാഹികൾ ഷിപ്പിങ് കമ്പനിയുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്.

നൂറുൽ ഇസ്‍ലാം എൻജിനീയറിങ് കോളജിലെ പഠനത്തിന് ശേഷം പരിശീലനത്തിനായി മലേഷ്യയിൽ എത്തിയതായിരുന്നു ഇന്ദ്രജിത്ത്. ശ്രീകാര്യം സ്വദേശി അലത്തറ വീട്ടിൽ ലംബോധരൻ നായരുടെയും ജയലതയുടെയും മകനാണ് ഇന്ദ്രജിത്ത്.