നെഞ്ചുവേദന മൂലം മരിച്ച പ്രവാസി മലയാളിക്ക് കൊവിഡ്

0

റിയാദ്: സൗദി അറേബ്യയില്‍ നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ച മലയാളിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബുറൈദയിലെ സൂഖുൽ ഗദിൽ മുപ്പത് വർഷത്തിലധികമായി പൂക്കട നടത്തുകയായിരുന്ന കണ്ണൂർ മയ്യിൽ സ്വദേശിയായ ജിഷ റോഡ് സഫൂറ മൻസിലിലെ മുട്ടുകണ്ടി ഹുസൈൻ ഹാജിയ്ക്കാണ്(64) കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ഇദ്ദേഹത്തിന്‍റെ മൃതദേഹം ബുറൈദ ഖലീജ് മസ്ജിദിലെ മഖ്ബറയിൽ സംസ്കരിച്ചു.

പരേതനായ മുട്ടുകണ്ടി അബൂബക്കറിൻറെയും മുട്ടുകണ്ടി ആമിനയുടെയും മകനാണ് മരണപ്പെട്ട ഹുസൈന്‍ ഹാജി. പനി ബാധിച്ചു കുറച്ചു ദിവസങ്ങളായി തുടരുന്നതിനിടെയാണ് ഞായറാഴ്ച വൈകിട്ട് ഇദ്ദേഹത്തിന് പെട്ടെന്ന് നെഞ്ചുവേദന ഉണ്ടായത്. ഉടനെ സുഹൃത്തുക്കൾ ആരോഗ്യ വകുപ്പിനെ ബന്ധപ്പെട്ട് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പിന്നീട് ലഭിച്ച ആശുപത്രി ലാബ് റിപ്പോർട്ടിലാണ് ഹുസൈന് കൊവിഡ് സ്ഥിരീകരിച്ചത്.

ഇതോടെ സൗദി ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് സംസ്കാര ചടങ്ങുകൾ നടത്തിയത്. നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിനും സംസ്കാര ചടങ്ങുകൾക്കും നേതൃത്വം കൊടുത്തത് ബുറൈദ കെഎംസിസി വെൽഫയർ വിംഗ് പ്രവർത്തകരായിരുന്നു.

ഭാര്യ: മറിയം, മക്കൾ: സഫീറ, ഇസ്മയിൽ, സമീന, ഷിഫാന. മരുമക്കൾ: അബ്ദുൽ സലാം കാലടി,സറഫു, റഫീഹ്, മുഫീദ. സഹോദരങ്ങൾ: മുഹമ്മദലി,മൊയ്തീൻ,മുഹമ്മദ് ഹാജി, അസ്മ.