അജ്മാനിൽ റോഡ് മുറിച്ചു കടക്കുമ്പോൾ വാഹനമിടിച്ച് മലയാളി മരിച്ചു

0

അജ്മാൻ: റോഡ് മുറിച്ചു കടക്കുമ്പോൾ മലയാളി അജ്മാനിൽ വാഹനമിടിച്ച് മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ വട്ടക്കണ്ടത്തിൽ ശ്രീലേഷ് ഗോപാലൻ (51) ആണ് ഇന്നലെ (ഞായർ) വൈകിട്ട് നാലരയ്ക്ക് അപകടത്തിൽപ്പെട്ടത്. എലൈറ്റ് ഗ്രൂപ്പിൽ സെയിൽസ് എക്സിക്യൂട്ടീവായിരുന്നു.

അജ്മാൻ അമ്മാൻ സ്ട്രീറ്റിൽ തന്റെ വാഹനം നിർത്തി റോഡ് മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടം. ഗുരുതര പരുക്കേറ്റ ശ്രീലേഷിനെ അജ്മാൻ ഖലീഫ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പരേതനായ വട്ടക്കണ്ടത്തിൽ ഗോപാലന്റെയും കമലത്തിന്റെയും മകനാണ്. എൻഎംസി ഹോസ്പിറ്റൽ ഫാർമസിസ്റ്റ് ശിൽപയാണ് ഭാര്യ. മകൻ ശ്രാവൺ പഠനവുമായി ബന്ധപ്പെട്ട് യുകെയിലും മകൾ ശ്രേയ നാട്ടിലുമാണുള്ളത്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.