കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി യുവാവ് മരിച്ചു

0

റിയാദ്: കൊവിഡ് ബാധിച്ച് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം തുറക്കൽ സ്വദേശിയും തിരൂരങ്ങാടി വെന്നിയൂർ കൊടിമരം വി.കെ.എം ഹൗസിൽ താമസക്കാരനുമായ മുഫീദ് (30) ആണ് വ്യാഴാഴ്ച ഉച്ചക്ക് റിയാദിലെ ഡോ. സുലൈമാൻ ഹബീബ് ആശുപത്രിയിൽ മരിച്ചത്.

മൂന്നുദിവസം മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഈ മാസം 15ന് റിയാദിലെ അമീർ മുഹമ്മദ് ആശുപത്രിയിൽ കൊവിഡ് പരിശോധന നടത്തുകയും പോസിറ്റീവാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

റിയാദിൽ അൽ ഇദ്‌രീസ് പ്രട്ടോളിയം ആൻഡ് ട്രാൻസ്‌പോർട്ടിങ് കമ്പനിയിൽ ജോലി ചെയ്യുന്ന മുഫീദ് പരേതനായ കൊടവണ്ടി മാനു മാസ്റ്ററുടെ പേരക്കുട്ടിയും റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥൻ അബ്ദുൽ ജബ്ബാർ കൊടവണ്ടിയുടെ മകനുമാണ്. സഫിയ വടക്കേതിൽ ആണ് ഉമ്മ. ഫാത്വിമ ബിൻസിയാണ് ഭാര്യ.

മൃതദേഹം ഡോ. സുലൈമാൻ ഹബീബ് ആശുപത്രി മോർച്ചറിയിലാണ്. റിയാദിൽ ഖബറടക്കുന്നതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് മഞ്ചേരിയുടെയും ജനറൽ കൺവീനർ ഷറഫ് പുളിക്കലിന്റെയും നേതൃത്വത്തിൽ നടക്കുന്നു.