കോവിഡ് പ്രതിസന്ധിയിലും അതിജീവനത്തിന്റെയും പ്രത്യാശയുടെയും മറ്റൊരു വിഷുക്കാലത്തെ കൂടി വരവേറ്റ് മലയാളികൾ. കണിക്കൊന്നയും കണിവെള്ളരിയും നിലവിളക്കും കൃഷ്ണനെയും ഒപ്പം സമൃദ്ധിയുടെ മഞ്ഞനിറവും കണികണ്ട് ഐശ്വര്യസമൃദ്ധമായൊരു പുതുപുലരിയിലേക്കാണ് നാം കണ്ണുതുറന്നിരിക്കുന്നത്.

കാ​ർ​ഷി​ക സം​സ്കാ​ര​ത്തി​ന്‍റെ​യും ഐ​ശ്വ​ര്യ​ത്തി​ന്റെയും പ്ര​തീ​ക​മാ​യ വി​ഷു മേ​ടം ഒ​ന്നാം തീ​യ​തി​യാ​ണ് ആഘോഷിക്കുന്നത്. നരകാസുരനെ ശ്രീകൃഷ്ണൻ വധിച്ച ദിനത്തിന്റെ ആഘോഷമാണ് വിഷു എന്നാണ് ഐതിഹ്യം. മലയാളികൾക്ക് മേടം ഒന്ന് പുതുവർഷപ്പിറവിയാണ്.

കൃഷ്ണ വിഗ്രഹത്തിന് മുന്നിൽ തെളിഞ്ഞു നിൽക്കുന്ന നിലവിളക്കും ഐശ്വര്യത്തിന്റെ പ്രതീകമായ കൊന്നപ്പൂക്കളും, കോടി മുണ്ടും, അഷ്ടമംഗല്യവും, വാൽ കണ്ണാടിയും പിന്നെ കണിത്താലത്തിൽ സമ്പന്നമായൊരു കാർഷിക സംസ്കാരത്തിന്റെ ഓർമ്മപ്പെടുത്തലായി കണിവെളളരിയും, ചക്കയും, മാങ്ങയും മറ്റ് ഫലങ്ങളും.കണി കണ്ടു കഴിഞ്ഞാൽ പിന്നെ കൈനീട്ടം.

കുടുംബത്തിലെ കാരണവർ നൽകുന്ന കൈനീട്ടം സമ്പൽ സമൃദ്ധിയുടെ നല്ല നാളെകൾക്കായുള്ള തുടക്കമാണ്. പിന്നെ കെങ്കേമമായ സദ്യ, പടക്കങ്ങൾ ഇതൊക്കെ കോർത്തിണക്കിയാണ് മലയാളിയുടെ വിഷു. കൊവിഡ് വ്യാപന ഭീതി നിലനിൽക്കുന്നതിനാൽ നിയന്ത്രണങ്ങളോടെയാണ് ഇത്തവണവയും ആഘോഷങ്ങൾ.