സ്വന്തം സിനിമ കഥതന്നെ അറംപറ്റി; യുവനടന് ദാരുണാന്ത്യം

0

കഴിഞ്ഞ രാത്രി തൃക്കടവൂർ നീരാവിൽ പൊട്ടൻമുക്കിനു സമീപം ബൈക്ക് നിയന്ത്രണം വിട്ടു മതിലിലിടിച്ചു യുവനടൻ ഗോഡ്ഫ്രെക്ക് (36)ദാരുണാന്ത്യം. സ്വന്തം സിനിമയിലെ രംഗങ്ങൾ തന്നെ ആവർത്തിച്ചിരിക്കയാണ് ഗോഡ്ഫ്രെയുടെ ജീവിതത്തിന്റെ ക്ലൈമാക്സിലും. താന്‍ നായകനായി അഭിനയിച്ച സിനിമയിലെ അന്ത്യരംഗങ്ങളുടെ തനിയാവർത്തനമായിരുന്നു ഗോഡ്ഫ്രെയുടെ ജീവിതത്തിലും.

ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് ഹെൽമറ്റ് തകർന്നു തലയ്ക്കു പരുക്കേറ്റു രക്തം വാർന്ന് ഏറെ നേരം ഗോഡ്ഫ്രെ റോഡിൽ കിടന്നെങ്കിലും ആശുപത്രിയിലെത്തിക്കാൻ ആരും തയാറായില്ല. പിന്നീടെത്തിയ കെഎസ്ഇബി ജീവനക്കാരൻ കൃത്രിമശ്വാസം നൽകി. തുടർന്ന് സ്ഥലത്തെത്തിയ യുവാക്കൾ ഓട്ടോറിക്ഷയിൽ സമീപത്തെ സ്വകാര്യാശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ഫലമുണ്ടായില്ല.

നാലു വർഷം മുൻപ് സുഹൃത്ത് ഷൈജുവുമായി ചേർന്നാണ് ഗോഡ്ഫ്രെ ‘ ദ് ലവേഴ്സ്’ എന്ന സിനിമ തയ്യാറാക്കിയത്. ചിത്രത്തിലും ഗോഡ്ഫ്രെ ബൈക്ക് അപകടത്തിലാണ് മരിക്കുന്നതായി ചിത്രീകരിച്ചിരുന്നത്. നായകന്റെ മൃതദേഹം പള്ളിയിലെത്തിക്കുന്ന ആംബുലൻസ് ഡ്രൈവറുടെ വേഷമിട്ട ചവറ പന്മന പുത്തൻചന്ത അഥീന കോട്ടേജിൽ അബ്ദുൽ സലീം തന്നെ ഇന്നലെ ഗോഡ്ഫ്രെയുടെ മൃതദേഹം ആംബുലൻസിൽ ചവറ തലമുകൾ സെന്റ് അഗസ്റ്റിൻ പള്ളിയിലെത്തിച്ചു. സിനിമയിൽ മൃതദേഹത്തെ വസ്ത്രങ്ങൾ അണിയിച്ച സലിം ഇന്നലെ വീട്ടുകാരുടെ അഭ്യർഥനപ്രകാരം അതേ വസ്ത്രങ്ങൾ അണിയിച്ചതു കണ്ണീർക്കാഴ്ചയായി.