കോഴിക്കോട് ചെറുവണ്ണൂരിൽ പെയിന്റ് ഗോഡൗണിൽ വന്‍തീപിടുത്തം; ഒരാൾക്ക് പൊള്ളലേറ്റു, തീയണക്കാന്‍ ശ്രമം തുടരുന്നു

0

കോഴിക്കോട്: ഫറോക്ക് ചെറുവണ്ണൂർ ടിപി റോഡിലെ പെയിന്റ് കെമിക്കല്‍ ഗോഡൗണിൽ വന്‍തീപിടുത്തം. വൈകിട്ട് 5നാണ് തീപിടിത്തം ഉണ്ടായത്. പെരിന്തൽമണ്ണ സ്വദേശി ശിഹാബുദ്ദീൻ്റെ ഉടമസ്ഥതയിലുള്ള സിടി ഏജൻസീസിലാണ് അഗ്നിബാധ.

തിന്നര്‍ ടാങ്കിനു തീപിടിച്ചതോടെയാണ് കെട്ടിടത്തിൽ തീപടര്‍ന്നത്. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല. ഗോഡൗണില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തി. അപകടത്തില്‍ ഒരാള്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. മലപ്പുറം സിയാംകണ്ടം പൊയിലി സുഹൈലിനാണ് പൊള്ളലേറ്റത്. ഇയാളെ ഫറോക്കിലെ സ്വകാര്യ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു.

കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിച്ചു വരികയാണ്. പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തീയണക്കാന്‍ ശ്രമം തുടരുകയാണ്. നാലു മാസം മുമ്പാണ് ഫാക്ടറി ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചത്. പെയിന്റ് നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്.