കുവൈത്തിൽ സ്പോൺസർഷിപ്പ് സമ്പ്രദായം നിർത്തിയേക്കും

0

കുവൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പ് നിര്‍ത്തലാക്കിയേക്കാം.
ഭരണനിർവഹണ തസ്തികകൾ പൂർണമായി സ്വദേശിവൽക്കരിക്കുന്ന കമ്പനികളെ സ്പെഷൽ ടാക്സിൽനിന്ന് ഒഴിവാക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. സ്പോൺസർഷിപ് സമ്പ്രദായം നിർത്തലാക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്താനും സാമ്പത്തിക വികസന മന്ത്രി മറിയം അൽ അഖീൽ നടപടി ആരംഭിച്ചതായി പ്രാ‍ദേശികപത്രം റിപ്പോർട്ട് ചെയ്‌തു. ഈ വിഷയം ചർച്ച ചെയ്യാൻ മന്ത്രിതല യോഗം ഉടനെ വിളിച്ചുചേർക്കും.

രാജ്യത്തെ ജനസംഖ്യയിലും തൊഴിൽ‌ വിപണിയിലും ഉള്ള അസന്തുലനം ഇല്ലാതാക്കുന്നതിന് സർക്കാർ സ്വീകരിച്ചിട്ടുള്ള നടപടികളുടെ തുടർച്ചയായി ആണ്  സ്പോൺസർഷിപ് സമ്പ്രദായം ഇല്ലാതാക്കുന്നതിനുള്ള നീക്കവും സജീവമായത്. രാജ്യാന്തര സംഘടനകളുടെ കടുത്ത വിമർശനം നേരിടുന്ന സ്പോൺസർഷിപ് സംവിധാനം അവസാനിപ്പിക്കാൻ കുവൈത്ത് മനുഷ്യാവകാശ സംഘവും സർക്കാരിൽ ശക്തമായ സമ്മർദം ചെലുത്തുന്നുണ്ട്. വീസക്കച്ചവടം ഇല്ലാതാക്കുന്നതിന് സ്പോൺസർഷിപ് സമ്പ്രദായം ഇല്ലായ്മ ചെയ്യണമെന്ന ബോധ്യം സർക്കാരിനുണ്ട്. എന്നാൽ അക്കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമെടുക്കാനായിട്ടില്ല. സ്പോൺസർഷിപ് സംവിധാനം ഇല്ലാതായാൽ രാജ്യാന്തര തൊഴിൽ സംഘടനയുടെയും മനുഷ്യാവകാശ സംഘടനകളുടെയും റാങ്ക് പട്ടികയിൽ കുവൈത്തിന്റെ  സ്ഥാനം മെച്ചപ്പെടുത്താനും കഴിയും.

സ്പോൺസർഷിപ് സംവിധാനം റദ്ദാക്കിയാൽ വിവിധ മേഖലകളിൽ വിദേശികൾക്ക് പകരം സ്വദേശികളെ നിയമിക്കുന്ന പദ്ധതി എളുപ്പമാകുമെന്നാണ് സർക്കാർ കണക്കുകൂട്ടൽ . പൊതുമേഖലയിലെ മുഴുവൻ വിദേശികളെയും അഞ്ച് വർഷത്തിനകം പിരിച്ചുവിടണമെന്ന ലക്ഷ്യമാണ് സർക്കാരിന്റേത്. ഗൾഫിലെ വിവിധ രാജ്യങ്ങളിൽ സ്പോൺസർഷിപ് സംവിധാനം പല തരത്തിലാണ്. തൊഴിലാളികളുടെ അടിസ്ഥാന അവകാശങ്ങൾ വരെ നിഷേധിക്കുന്ന സംവിധാനമായാണ് സ്പോൺസർഷിപ് രീതിയെ രാജ്യാന്തര മനുഷ്യാവകാശ സംഘടനകൾ വിമർശിക്കുന്നത്.