കേരളത്തിലെ കോണ്‍ഗ്രസിന് ഏകാധിപത്യ സ്വഭാവമെന്ന് കെ.വി.തോമസ്

0

കേരളത്തിലെ കോണ്‍ഗ്രസിന് ഏകാധിപത്യ സ്വഭാവമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് കെ.വി.തോമസ്. തൃക്കാക്കരയില്‍ പിന്തുണ ആര്‍ക്കെന്നത് ഈ മാസം 10ന് പ്രഖ്യാപിക്കും. തൃക്കാക്കരയില്‍ പ്രചാരണത്തിനിറങ്ങാന്‍ യുഡിഎഫ് ക്ഷണിച്ചിട്ടില്ലെന്നും കെ.വി.തോമസ് പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ കെ.വി.തോമസ് പങ്കെടുക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതുവരെ അങ്ങനെ കണ്‍വെന്‍ഷനെ സംബന്ധിച്ച് ഒരു ക്ഷണവും ലഭിച്ചിട്ടില്ല. ക്ഷണം വരുമ്പോള്‍ അതിനെക്കുറിച്ചുള്ള നിലപാട് പ്രഖ്യാപിക്കുമെന്നും കെ.വി.തോമസ് വ്യക്തമാക്കുന്നു.

കോണ്‍ഗ്രസിന്റെ ജനാധിപത്യം എവിടെ പോയി. അത് തകരുകയാണ്, ദേശീയതലത്തിലും സംസ്ഥാന തലത്തിലും. ഏകാധിപത്യത്തിലേക്കാണ് കോണ്‍ഗ്രസ് പോകുന്നത്. 10-ാം തീയതി ഈ തെരഞ്ഞെടുപ്പില്‍ താന്‍ എടുക്കുന്ന നിലപാട് വ്യക്തമായി പറയുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ഉമയെ നേരിട്ട് കാണാന്‍ അങ്ങോട് ചെല്ലാമെന്ന് പറഞ്ഞു. അന്ന് അത് പറയാമെന്ന് ഉമ പറഞ്ഞിട്ട് ഇതുവരെ പറഞ്ഞിട്ടില്ല. അതുകൊണ്ട് പോയിട്ടില്ല. പിന്നെ ഈ തെരഞ്ഞെടുപ്പിനെ കുറിച്ച് പാര്‍ട്ടി തന്നോട് പറഞ്ഞിട്ടില്ല. എഐസിസി അംഗമായിരുന്നിട്ട് പോലും തന്നോട് പാര്‍ട്ടി ഈ തെരഞ്ഞെടുപ്പിനെ സംബന്ധിക്കുന്ന ഒരു കാര്യങ്ങളും ചര്‍ച്ച ചെയ്തിരുന്നില്ലെന്നും കെ.വി.തോമസ് കുറ്റപ്പെടുത്തുന്നു.