വടക്കന്‍ ജില്ലകളിൽ കനത്ത മഴ:കോഴിക്കോടും ഇടുക്കിയിലും ഉരുൾപൊട്ടി; ജാഗ്രത

1

തിരുവനന്തപുരം ∙ കേരളത്തില്‍ പ്രളയ മുന്നറിയിപ്പ് നല്‍കി ദേശീയ ജല കമ്മിഷന്‍. ഇടുക്കിയിലും കോഴിക്കോടും വിവിധ സ്ഥലങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. വയനാട്ടിലെ കനത്ത മഴയെ തുടർന്ന് ചാലിയാർ പുഴയിൽ മലവെള്ളപ്പാച്ചിലുണ്ടായി. വിവിധ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി വെള്ളം തുറന്നുവിട്ടു.

ഇടുക്കിയിലെ കോഴിക്കാനം, അണ്ണന്‍തമ്പിമല എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. പീരുമേട്ടിൽ കോഴിക്കാനം, അണ്ണൻതമ്പിമല, ഏലപ്പാറ- മേമല റോഡ് എന്നിവിങ്ങളിലെ തോട്ടങ്ങളിൽ ആണ് ഉരുൾപൊട്ടലുണ്ടായത്. നിരവധി വീടുകളിൽ വെള്ളം കയറി. ഇവിടെ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു.

തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ പാലക്കാട് ജില്ലയിലെ ഭവാനി നദിയില്‍ ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയരും. കേരളത്തിന് പുറമേ മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കർണാടകയിൽ മഴ തീവ്രമായ സാഹചര്യത്തിൽ വയനാട്ടിലെ കബനി നദിയിലും ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്.

ഓഗസ്റ്റ് ഒന്‍പതോടെ ബംഗാള്‍ ഉള്‍ക്കടലില്‍ രണ്ടാം ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഇന്ന് ഇടുക്കിയിലും വയനാടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കോഴിക്കോട്, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ട്. അടുത്ത അഞ്ച് ദിവസവും മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്.

പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം മധ്യ ഇന്ത്യയിലേക്ക് നീങ്ങുകയാണ്. രണ്ടു ദിവസത്തിനുള്ളില്‍ ദുര്‍ബലമാകും. ഓഗസ്റ്റ് ഒന്‍പതോടെ ബംഗാള്‍ ഉള്‍ക്കടലില്‍ രണ്ടാം ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. പത്താം തീയതി വരെ കേരളത്തില്‍ അതിശക്തമായ മഴ തുടരാനുള്ള സാധ്യതയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്.