ലതാ മങ്കേഷ്‌കര്‍ക്ക് വിട: ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം

0

മുംബൈ: അന്തരിച്ച ഇതിഹാസ ​ഗായിക ലത മങ്കേഷ്കറുടെ ഭൗതികശരീരം സംസ്കരിച്ചു. മുംബൈ ശിവാജി പാർക്കിൽ വൈകിട്ട് ആറരയോടെയായിരുന്നു സംസ്കാരച്ചടങ്ങുകൾ. പൂർണ ഔദ്യോ​ഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ലത മങ്കേഷ്കറുടെ സഹോദരിയും ​ഗായികയുമായ ആശാ ഭോസ്ലെ, ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, ശ്രദ്ധ കപൂർ തുടങ്ങിയവർ സംസ്കാരച്ചടങ്ങുകളിൽ നേരിട്ട് പങ്കെടുത്തു.

വൈകിട്ട് ആറേകാലിന് മുംബൈ ശിവാജി പാർക്കിലെത്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രിയ ഗായികയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ചത്. ഭൗതികശരീരത്തിൽ പുഷ്പചക്രം സമർപ്പിച്ച അദ്ദേഹം, കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. വൈകിട്ട് അഞ്ചേമുക്കാലോടെ വിലാപയാത്രയായാണ് ഭൗതികശരീരം ശിവാജി പാർക്കിലെത്തിച്ചത്. വഴിയുലടനീളം നിരവധിയാ ളുകളാണ് പ്രിയപ്പെട്ട ലതാ ദീദിയെ അവസാനമായി കാണാൻ കാത്തുനിന്നത്.

മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്ന് രാവിലെയാണ് ലതാ മങ്കേഷ്‌കർ വിടപറഞ്ഞത്. ആരോഗ്യ നില മോശമായതിനെ തുടർന്ന് ഇന്നലെ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു. അവയവങ്ങൾ ഒന്നിച്ച് പ്രവർത്തനരഹിതമായതോടെ ഡോക്ടർമാരുടെ പരിശ്രമങ്ങൾ വിഫലമായി.

ഇന്ത്യയുടെ വാനമ്പാടിയുടെ വിയോഗത്തിൽ രാജ്യത്ത് രണ്ടു ദിവസം ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ആദരസൂചകമായി ദേശീയ പതാക രണ്ട് ദിവസത്തേക്ക് പകുതി താഴ്ത്തിക്കെട്ടുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു.