നാട്ടിലേക്ക് പോകാൻ വിമാനത്തിൽ കയറുന്നതിനിടെ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു

0

റിയാദ്: സൗദി അറേബ്യയിൽ നിന്ന് നാട്ടിലേക്ക് പോകാൻ വിമാനത്തിൽ കയറുന്നതിനിടെ മലയാളി കുഴഞ്ഞു വീണ് മരിച്ചു. കിഴക്കൻ പ്രവിശ്യയിലെ ദമ്മാം വിമാനത്താവളത്തിൽ തൃശൂർ മുക്കാട്ടുകര, നെറ്റിശ്ശേരി നെല്ലിപ്പറമ്പിൽ ഗിരീഷ് (57) ആണ് മരിച്ചത്. 25 വർഷമായി പ്രവാസിയായ ഇദ്ദേഹം ഒരു സ്വകാര്യ ഫയർ ആന്റ് സേഫ്റ്റി കമ്പനിയിൽ ബിസിനസ് ഡെവലപ്മന്റ് ഓഫീസറായി ജോലി ചെയ്തുവരികയായിരുന്നു.

രണ്ടു വർഷത്തിന് ശേഷം അവധിക്കായി രാത്രി കൊച്ചിയിലേക്കുള്ള ഫ്‌ളൈ ദുബായ് വിമാനത്തിൽ ബോർഡിംഗ് പൂർത്തീകരിച്ചു വിമാനത്തിന്റെ കവാടത്തിലേക്ക് നടന്നു നീങ്ങി വിമാനത്തിലേക്ക് കാലെടുത്തു വെക്കവേ കുഴഞ്ഞു വീഴുകയായിരുന്നു. എയർപോർട്ട് അത്യാഹിത വിഭാഗം സ്ഥലത്തെത്തി സി.പി.ആർ നൽകിയതിന് ശേഷം ഖതീഫ് സെൻട്രൽ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു.

ഭാര്യ: സതി. ഒരു മകനും മകളുമുണ്ട്. ഖതീഫ് സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടിക്രമങ്ങൾ കമ്പനി അധികൃതരുടെയും സാമൂഹ്യ പ്രവർത്തകരുടെയും നേതൃത്വത്തിൽ പുരോഗമിക്കുന്നു.