മോണിക്കയുടെ ഫോണ്‍ സംഭാഷണം ചോര്‍ത്തി ബിൽ ക്ലിന്റണെ കുടുക്കിയ ലിന്‍ഡ ട്രിപ് അന്തരിച്ചു

0

വാഷിംഗ്ടൺ ഡി.സി : മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റനെ ഇംപീച്ച്മെന്റിന്റെ വക്കിലെത്തിച്ച മോണിക്ക ലെവൻസ്‌കി വിവാദത്തിലെ പ്രധാന കണ്ണിയായ ലിൻഡ ട്രിപ് (70) അന്തരിച്ചു. അർബുദ ബാധയെ തുടർന്നു ചികിത്സയിലായിരുന്ന ലിൻഡ വ്യാഴാഴ്ച രാവിലെ കൊളംബിയയിൽവച്ചാണ് മരിച്ചത്. 1998ൽ യു.എസ് പ്രസിഡന്റ് ബിൽ ക്ലിന്റന്റെ ഇംപീച്ച്മെന്റ് നടപടികളിലെ പ്രധാന തെളിവായിരുന്ന ക്ലിന്റനും വൈറ്റ് ഹൗസ് ഇന്റേണായിരുന്ന മോണിക്ക ലെവിൻസ്‌കിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ഫോൺ സംഭാഷണങ്ങളടങ്ങിയ ടേപ്പ് അധികൃതർക്ക് സമർപ്പിച്ചത് ലിൻഡയായിരുന്നു.

ബിൽ ക്ലിന്റൺ പ്രസിഡന്റായിരുന്ന സമയത്ത് വൈറ്റ് ഹൗസിൽ ജോലി ചെയ്തിരുന്ന ലിൻഡ ട്രിപ്, പിന്നീട് പെന്റഗൺ ഹൗസിലേക്ക് മാറി. ഈ കാലയളവിൽ വൈറ്റ് ഹൗസ് ഇന്റേണായ മോണിക്ക ലെവിൻസ്‌കിയുമായി സൗഹൃദത്തിലായി. പിന്നീട് ലിൻഡയുമായുള്ള ഫോൺ സംഭാഷണത്തിനിടെ ലെവിൻസ്‌കി, താനും ക്ലിന്റനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തി. ലിൻഡ ഇത് റെക്കാഡ് ചെയ്ത് അഭിഭാഷകനായ കെന്നത്ത് സ്റ്റാറിന് കൈമാറുകയായിരുന്നു.

1990-കളില്‍ യു.എസിനെ പിടിച്ചുലച്ച ‘വൈറ്റ് വാട്ടര്‍’ വിവാദം അന്വേഷിക്കാന്‍ യു.എസ്. നിയമമന്ത്രാലയം സ്വതന്ത്ര അഭിഭാഷകനായി നിയോഗിച്ചത് കെന്നത്ത് സ്റ്റാറിനെയായിരുന്നു. യു.എസിലെ ആര്‍ക്കന്‍സോയില്‍ വൈറ്റ് നദീതീരത്ത് ക്ലിന്റനും ഭാര്യ ഹില്ലരി ക്ലിന്റനും റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങളുണ്ടെന്നതുമായി ബന്ധപ്പെട്ടതായിരുന്നു വൈറ്റ് വാട്ടര്‍ വിവാദം. ഇതിന്റെ അന്വേഷണമാണ് പിന്നീട് ക്ലിന്റനും വൈറ്റ് ഹൗസ് ഇന്റേണായ മോണിക്ക ലെവിന്‍സ്‌കിയുമായുള്ള ബന്ധത്തെക്കുറിറിച്ചുള്ള തെളിവുകളിലേക്കെത്തിച്ചത്.

1997-ല്‍ പെന്റഗണ്‍ ജീവനക്കാരിയായിരുന്നു ലിന്‍ഡ ട്രിപ്. വൈറ്റ് ഹൗസ് ഇന്റര്‍ണീയായിരുന്ന മോണിക്ക ലെവന്‍സ്‌കിയുടെ ചോര്‍ത്തിയ ഫോണ്‍സന്ദേശങ്ങളാണ് ക്ലിന്റന്റെ ഇംപീച്ച് മെന്റ് നടപടികളിലേക്കെത്തിച്ചത്. ഈ റെക്കോഡിങ്ങുകള്‍ മോണിക്ക ലെവന്‍സ്‌കിയെയും വര്‍ഷങ്ങളോളം വേട്ടയാടുകയും ചെയ്തു. ക്ലിന്റനെതിരേ ഇംപീച്ച്‌മെന്റ് കുറ്റങ്ങള്‍ ചുമത്തപ്പെട്ടെങ്കിലും 21 ദിവസത്തെ വിചാരണക്കടുവില്‍ സെനറ്റ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയായിരുന്നു.

2001ൽ തന്റെ പ്രസിഡന്റ് പദവി കാലയളവിന്റെ അവസാന ദിവസം ലിൻഡയെ പെന്റഗൺ ഹൗസിലെ ഉദ്യോഗത്തിൽ നിന്ന് ക്ലിന്റൺ പുറത്താക്കി. എന്നാൽ, കോടതിയിൽ കേസ് നൽകിയ ലിൻഡ തനിക്ക് ന്യായമായി ലഭിക്കേണ്ട പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ നേടിയെടുത്തിരുന്നു.

“ഭൂതകാലമെന്തുമായിക്കോട്ടെ, ലിന്‍ഡയുടെ അസുഖവാര്‍ത്തയറിഞ്ഞ ഞാന്‍ അവര്‍ രോഗമുക്തി നേടാനായി പ്രാര്‍ഥിക്കുന്നു” എന്നാണ് മോണിക്ക ട്വീറ്റ് ചെയ്തത്. ക്ലിന്റനെ ശിക്ഷിച്ചിരുന്നെങ്കില്‍ ലോകത്ത് മീടൂ മുന്നേറ്റം നേരത്തേ സംഭവിക്കുമായിരുന്നെന്നും ഒരിക്കല്‍ ലിന്‍ഡയും പറഞ്ഞിരുന്നു.