തീരാ നൊമ്പരമായി ലിനിയുടെ ആ അവസാന കത്ത്

0

‘സജീഷേട്ടാ.. ഞാന്‍ എന്റെ അവസാന യാത്രയിലാണെന്ന് തോന്നുന്നു; കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല.. സോറി; മക്കളെ നന്നായി നോക്കണേ; പാവം കുഞ്ചു.. അവനെയൊന്ന് ഗള്‍ഫില്‍ കൊണ്ടുപോകണം’, മരണത്തിന് കീഴടങ്ങും മുന്‍പ് എഴുതിയ കത്തില്‍ ലിനി പറഞ്ഞത് ഇതായിരുന്നു. താന്‍ മരണത്തിന്റെ പടിവാതിലില്‍ എത്തിയെന്ന് ലിനിക്ക് അവസാനനിമിഷം ഉറപ്പായിരുന്നു. ഭര്‍ത്താവ് ഗള്‍ഫില്‍ നിന്നും എത്തുന്നതിനു മുന്‍പ് താന്‍ യാത്രയായാലോ എന്ന് ലിനി ഭയന്നിരുന്നു ..ഒരുപക്ഷെ അതാകാം ഈ കത്തിലൂടെ ലിനി പറയാന്‍ ശ്രമിച്ചതും…

നിപ്പ വൈറസ് പനി ബാധിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ചെമ്പനോട സ്വദേശിനി ലിനി (28) മരിക്കുന്നതിനുമുൻപ് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ കിടന്ന് ഭർത്താവിനെഴുതിയ കത്താണിത്. ആതുരസേവനം ഏറ്റവും ഇഷ്ടപ്പെട്ട തൊഴിലായി സ്വീകരിച്ച ലിനിയുടെ മരണവും രോഗിയെ പരിചരിച്ചതിലൂടെ തന്നെയായിരുന്നു. ലിനിയെ പോലെ തന്നെ  സ്വന്തം പ്രാണൻ തന്നെ ആപത്തിലാകാമെന്ന് മനസ്സിലാക്കി തന്നെ നൂറുകണക്കിന് നഴ്‌സുമാർ ഇപ്പോഴും കോഴിക്കോട്ടും മലപ്പുറത്തുമെല്ലാം പനിബാധിതരെ ശുശ്രൂഷിക്കുന്നുണ്ട്. ആദ്യം തന്നെ വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ ലിനിയുടെ ജീവന്‍ കാക്കാന്‍ സാധിക്കുമായിരുന്നു.

ഇളയ മകൻ സിദ്ധാർഥിനു പാലുകൊടുത്ത ശേഷം വ്യാഴാഴ്ചയാണു ലിനി ആശുപത്രിയിലേക്കു തിരിച്ചത്. വൈകിട്ട് ആറുമണിക്ക് ജോലിക്കു കയറി. നിപ്പ വൈറസ് ബാധിതരായ (പിന്നീടു മരിച്ച) മൂന്നു പേരും അവിടെ ചികിൽസയിലുണ്ടായിരുന്നു. രാത്രി മുഴുവൻ രോഗികളുമായി സംസാരിച്ച് പരിചരിച്ചതു ലിനിയായിരുന്നു. രാവിലെ ലിനിക്കും പനി തുടങ്ങി. മൂർച്ഛിച്ചതോടെ മെഡിക്കൽകോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഈ യാത്രയ്ക്കിടെ ലിനി ഗൾഫിലുള്ള സജീഷിനെ വിഡിയോ കോൾ ചെയ്തു. സുഖമില്ലെന്നു പറഞ്ഞെങ്കിലും ഇത്ര ഗുരുതരമാണെന്ന് അറിയിച്ചിരുന്നില്ല.

മെഡിക്കൽ കോളജിലെത്തിച്ചപ്പോൾ, തനിക്ക് നിപ്പ ബാധിച്ചുണ്ടാകുമെന്നും ഒറ്റപ്പെട്ട (ഐസൊലേറ്റഡ്) വാർഡിലേക്കു മാറ്റണമെന്നും ഡോക്ടറോട് ആവശ്യപ്പെട്ടതു ലിനി തന്നെയാണ്. ആശുപത്രിയിൽ കാണാനെത്തിയ അമ്മയെയും സഹോദരിമാരെയും അടുത്തേക്കു വരാനും ലിനി സമ്മതിച്ചില്ല. ഭർത്താവ് സജീഷ് കഴിഞ്ഞ ദിവസം രാവിലെ മൂന്നുമണിയോടെ നാട്ടിലെത്തി. ഐസൊലേറ്റഡ് ഐസിയുവിൽ കയറി കണ്ടു, സംസാരിക്കുകയും ചെയ്തു. അതിനു ശേഷമാണു ലിനി യാത്രയായത്.