അതിർത്തിയിൽ പാക് ഷെല്‍ ആക്രമണം; മലയാളി ജവാന് വീരമൃത്യു

0

ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാകിസ്താന്‍ ഷെല്‍ ആക്രമണത്തില്‍ മലയാളി ജവാന് വീരമൃത്യു. കൊല്ലം അഞ്ചല്‍ സ്വദേശി അനീഷ് തോമസ് ആണ് വീരമൃത്യു വരിച്ചത്. ജമ്മുകാശ്മിരിലെ അതിർത്തിപ്രദേശമായ നൗഷാരാ സെക്ടറിലെ സുന്ദർബെനിയിൽ നടന്ന ഷെല്ലാക്രമണത്തിൽ ആണ് ഇദ്ദേഹം വീരമൃത്യു വരിച്ചത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. രാത്രി എട്ട് മണിയോടെ സഹപ്രവർത്തകർ മരണവിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നു.

രാഷ്ട്രീയ റൈഫിള്‍സിന്റെ ഭാഗമായാണ് അദ്ദേഹം ജമ്മു കശ്മീരില്‍ എത്തിയത്. പട്രോളിങ്ങിനിടെയാണ് അദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെ ഷെല്ലാക്രമണം ഉണ്ടായതെന്നാണ് വീട്ടുകാര്‍ക്ക് ലഭിച്ച വിവരം. പോസ്റ്റ്‌മോർട്ടത്തിനുശേഷം ഡൽഹിയിലേക്ക് കൊണ്ടുപോയ മൃതദേഹം നാളെ രാവിലെ തിരുവനന്തപുരത്ത് എത്തിക്കുമെന്നാണ് വിവരം. ഈ മാസം 25 ന് അവധിക്കായി നാട്ടിലെത്താനിരിക്കവേയാണ് മരണം. എമിലിയാണ് ഭാര്യ. ഏകമകൾ ഹന്ന. തോമസ് -അമ്മിണി ദമ്പതികളുടെ മൂത്ത മകനാണ് അനീഷ്.