ഒരു പുതിയ ചരിത്രം കുറിച്ച് സ്പേസ് എക്സ്; സഞ്ചാരികളുമായി ഫാല്‍ക്കണ്‍ 9 റോക്കറ്റ് ബഹിരാകാശത്തേക്ക്

0

നാസയുടെ രണ്ട് ബഹിരാകാശയാത്രികരുമായി അമേരിക്കന്‍ സ്വകാര്യ കമ്പനിയായ സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ശനിയാഴ്ച അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പറന്നുയര്‍ന്നു. അമേരിക്കൻ സമയം ഇന്നലെ വൈകിട്ട് 3:22ന് ( ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 12:52ന് ) ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ 39 എ ലോഞ്ച് പാഡില്‍നിന്നായിരുന്നു വിക്ഷേപണം. സ്വകാര്യകമ്പനിയുമായി ചേര്‍ന്ന് ബഹിരാകാശ സഞ്ചാരികളെ ബഹിരാകാശത്തെത്തിക്കാന്‍ നാസ നടത്തുന്ന ആദ്യ ദൗത്യമാണിത്.

ബഹിരാകാശയാത്രികരായ റോബര്‍ട്ട് ബെന്‍കെന്‍, ഡഗ്ലസ് ഹര്‍ലി എന്നിവരായിരുന്നു ആ ചരിത്ര നിമിഷത്തിന്റെ ഭാഗമായ യാത്രികര്‍. ബഹിരാകാശ മനുഷ്യദൗത്യത്തില്‍ സ്വകാര്യ മേഖലയുടെ കടന്നു വരവ് രേഖപ്പെടുത്തുന്ന ആദ്യ വിക്ഷേപമാണിത്. ബഹിരാകാശത്തേയ്ക്ക് സഞ്ചാരികളെ അയച്ച ആദ്യത്തെ വാണിജ്യ സ്ഥാപനമാണ് സ്‌പേസ് എക്‌സ്.എലോണ്‍ മസ്‌ക് ആണ് ഇതിന്റെ സ്ഥാപകന്‍.

കഴിഞ്ഞ വ്യാഴാഴ്‌ച പുലർച്ചെ രണ്ട് സഞ്ചാരികളുമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് വിക്ഷേപിക്കാനിരുന്ന ദൗത്യം പതിനേഴ് മിനിറ്റ് മുമ്പ് കാലാവസ്ഥ പ്രതികൂലമായതിനാൽ മാറ്റിവയ്‌ക്കുകയായിരുന്നു.

2011 ല്‍ ബഹിരാകാശയാത്ര പരിപാടി അവസാനിച്ചതിനുശേഷം ഒൻപത് വർഷങ്ങൾക്ക് ശേഷമാണ് അമേരിക്ക സ്വന്തം മണ്ണിൽ നിന്ന് ഒരു ബഹിരാകാശ മനുഷ്യ പേടകം വിക്ഷേപിക്കുന്നത്. വിക്‌ഷേപണ റോക്കറ്റും മനുഷ്യപേടകവും ആവര്‍ത്തിച്ച് ഉപയോഗിക്കാമെന്നതാണ് ഈ ദൗത്യത്തിന്റെ വലിയ നേട്ടം.

ക്രൂ ഡ്രാഗണ്‍ പേടകം പത്തൊന്‍പത് മണിക്കൂര്‍ പ്രയാണത്തിന് ശേഷം ഞാറാഴ്ച രാത്രി ഏഴ് മണിക്ക് ബഹിരാകാശ നിലയത്തില്‍ എത്തും. തുടര്‍ന്ന് ഇരുവരും നിലയത്തില്‍ പ്രവേശിക്കും. നിലയത്തില്‍ നിലവിലുള്ള മൂന്ന്‌ സഞ്ചാരികള്‍ക്കൊപ്പം ഇവർ മൂന്ന് മാസം വരെ പരീക്ഷണങ്ങളിൽ മുഴുകും അതിനു ശേഷം സഞ്ചാരികളുമായി തിരിച്ചു വരുന്ന ക്രൂ ഡ്രാഗൺ പേടകം അറ്റ്‌ലാന്റിക് സമുദ്രത്തിൽ ലാൻഡ് ചെയ്യും.