ജോലിക്ക് പോകാൻ വാഹനം സ്റ്റാർട്ട് ചെയ്യുന്നതിനിടെ ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു

0

റിയാദ്: ജോലിക്ക് പോകാൻ വാഹനം സ്റ്റാർട്ട് ചെയ്യുന്നതിനിടെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് മലയാളി സൗദി അറേബ്യയില്‍ മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ പട്ടിക്കാട് മണ്ണാര്‍മല കൈപ്പള്ളി മുഹമ്മദിന്റെ മകന്‍ മുജീബ് റഹ്‌മാന്‍ (52) ആണ് മരിച്ചത്. ജിദ്ദയിലായിരുന്നു അന്ത്യം.

ശറഫിയ്യയിലെ ശറഫിയ്യാ സ്റ്റേര്‍ കെട്ടിടത്തിലെ താമസക്കാരനായിരുന്നു. പച്ചക്കറി വില്‍പനക്കാരനായ മുജീബ് ബുധനാഴ്ച രാവിലെ പച്ചക്കറി ശേഖരിക്കുവാന്‍ പോകുന്നതിനായി വാഹനം സ്റ്റാര്‍ട്ട് ചെയ്ത സമയത്ത് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. വാഹനം എടുക്കുന്നതിനിടെയായതിനാല്‍ പാര്‍ക്കിങ്ങിനു സമീപത്തെ മതിലില്‍ വാഹനം ഇടിച്ചു.

മൃതദേഹം കിംഗ് ഫഹദ് ആശുപത്രി മോര്‍ച്ചറിയിലാണ്. ഭാര്യയും മകനും സന്ദര്‍ശന വിസയില്‍ ജിദ്ദയിലുണ്ട്. മകള്‍ നാട്ടിലാണ്. ഭാര്യ: സമീറ, മകന്‍: ഷെഫിന്‍. അനന്തര നടപടിക്രമങ്ങള്‍ക്ക് കെ.എം.സി.സി വെല്‍ഫെയര്‍ വിഭാഗം രംഗത്തുണ്ട്.