ഭാര്യയെ കണ്ട് തിരികെ മടങ്ങുംവഴി മലയാളി ജവാനെ കാണാതായി

0

മലയാളി ജവാനെ കാണാനില്ലെന്ന് ബന്ധുക്കളുടെ പരാതി. എറണാകുളം മാമംഗലം സ്വദേശി ക്യാപ്റ്റൻ നിർമ്മൽ ശിവരാജനെയാണ് മധ്യപ്രദേശ് പറ്റ്നയിൽ വച്ച് തിങ്കളാഴ്ച കാണാതായത്. ജപൽപൂരിൽ ലെഫ്റ്റനന്റ് ആയി ജോലി നോക്കുന്ന ഭാര്യ ഗോപി ചന്ദ്രയെ കണ്ടശേഷം ജോലിസ്ഥലത്തേയ്ക്ക് തിരികെ മടങ്ങുന്നതിനിടെയാണ് ജവാനെ കാണാതായത്. മധ്യപ്രദേശ് പൊലീസും ആർമിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നിർമ്മൽ ശിവരാജൻ ശക്തമായ പ്രളയത്തിൽ അകപ്പെട്ടതാവാമെന്നാണ് അദ്ദേഹത്തിന്റെ അമ്മ പറയുന്നത്. ജപൽപൂരിൽ നിന്ന് മൂന്ന് മണിക്കാണ് മകൻ യാത്ര തിരിച്ചതെന്നും 8.30ന് ലക്ഷ്യസ്ഥാനത്ത് എത്തേണ്ടതായിരുന്നുവെന്നും നിർമ്മൽ ശിവരാജന്റെ അമ്മ 24നോട് വ്യക്തമാക്കി. 6.57ന് മകനെ വിളിച്ചപ്പോൾ 85 കിലോമീറ്ററുകൾ കൂടിയേ ഉള്ളൂ എന്നാണ് പറഞ്ഞിരുന്നത്.

സംസാരിച്ചുകൊണ്ടിരിക്കവേ മുമ്പിൽ ഒരു ബ്ലോക്ക് കാണുന്നുണ്ടെന്നും അത് നോക്കിയിട്ട് തിരിച്ചുവിളിക്കാമെന്നും പറഞ്ഞ് അവൻ ഫോൺ കട്ട് ചെയ്തു. 9 മണിക്ക് വിളിച്ചപ്പോൾ അവന്റെ ഫോൺ സ്വിച്ച്ഡ് ഓഫായിരുന്നു. ജീവൻ എന്ന സുഹൃത്തിനെ ഫോൺ വിളിച്ചപ്പോൾ അവൻ എത്തിയിട്ടില്ലെന്ന് പറഞ്ഞു. ആ​ഗസ്റ്റ് 15ന് നഷ്ടപ്പെട്ട മകനെപ്പറ്റിയുള്ള വിവരങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നും അന്വേഷണം വേ​ഗത്തിൽ നടത്തണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.