നാലു വർഷം മുൻപ് ദുരൂഹ സാഹചര്യത്തിൽ കാണാതായ മലേഷ്യൻ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

0

നാലു വർഷം മുൻപ് ദുരൂഹ സാഹചര്യത്തിൽ കാണാതായ മലേഷ്യൻ വിമാനത്തിന്റെ ഏതാനും അവശിഷ്ടങ്ങൾ കൂടി കണ്ടെത്തിയതായി റിപ്പോർട്ട്. മഡഗാസ്കർ ദ്വീപിനോടു ചേർന്നുള്ള ഭാഗങ്ങളിൽ നിന്ന് മത്സ്യത്തൊഴിലാളികളാണ് മലേഷ്യൻ എയർലൈൻസ് വിമാനമായ എംഎച്ച് 370യുടേതെന്നു കരുതുന്ന അവശിഷ്ടങ്ങൾ കണ്ടെത്തിയത്.

വിമാനത്തിന്റെ അഞ്ചു ഭാഗങ്ങളാണു കണ്ടെത്തിയത്. 
ലഭിച്ച അവശിഷ്ടങ്ങളിലൊന്ന് ബോയിങ് വിമാനത്തിന്റെ ‘ഫ്ലോർ പാനലാ’ണെന്നു വിദഗ്ധർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇത് എംഎച്ച് 370യുടേതാണോയെന്നറിയാൻ കൂടുതൽ പരിശോധന വേണ്ടിവരും. 

2014 മാർച്ച് എട്ടിനാണ് 239 യാത്രക്കാരുമായി മലേഷ്യൻ എയർലൈന്‍സിന്റെ വിമാനം അപ്രത്യക്ഷമായത്. ഇന്നും ലോകത്തെ ഏറ്റവും വലിയ വ്യോമയാന ദുരൂഹതയായി തുടരുകയാണ് ഈ തിരോധാനം. 2016 ഡിസംബറിനും 2018 ഓഗസ്റ്റിനും ഇടയിൽ പലപ്പോഴായാണു മത്സ്യത്തൊഴിലാളികൾക്കു വിമാനത്തിന്റേതെന്നു കരുതുന്ന ഭാഗങ്ങൾ ലഭിച്ചത്. മഡഗാസ്കറിലെ മൂന്നു വ്യത്യസ്ത ഭാഗങ്ങളിൽ നിന്നായിരുന്നു കണ്ടെത്തൽ. 
എംഎച്ച് 370യുടേതെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച മൂന്ന് അവശിഷ്ടങ്ങളാണ് ഇതു വരെ ലഭിച്ചിട്ടുള്ളത്. ഇവയെല്ലാം ഇന്ത്യൻ മഹാസമുദ്രത്തിന്റെ പടിഞ്ഞാറൻ തീരത്തു നിന്നായിരുന്നു. വിമാനത്തിന്റേതെന്നു കരുതുന്ന മുപ്പതോളം ഭാഗങ്ങള്‍ പരിശോധിച്ചതിൽ നിന്നായിരുന്നു ഇക്കാര്യം സ്ഥിരീകരിച്ചത്.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.