മലേഷ്യൻ വിമാനം വെടിവച്ചു വീഴ്ത്തി ?; പുതിയ വെളിപ്പെടുത്തലുമായി ഓസ്ട്രേലിയൻ എൻജിനീയർ

0

239 യാത്രക്കാരുമായി കാണാതായ മലേഷ്യന്‍ വിമാനം സംബന്ധിച്ചു നടുക്കുന്ന വെളിപ്പെടുത്തലുമായി ഓസ്‌ട്രേലിയന്‍ എന്‍ജിനീയര്‍. മൗറീഷ്യസിനു സമീപത്തുനിന്നു തകര്‍ന്ന എംഎച്ച് 370 വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് അവകാശപ്പെട്ട പീറ്റര്‍ മക്മഹന്‍ എന്ന മെക്കാനിക്കല്‍ എന്‍ജിനീയര്‍, വിമാനഭാഗങ്ങളില്‍ വെടിയുണ്ടകള്‍ കടന്നുപോയ ഒട്ടേറെ തുളകളുണ്ടെന്നു പറയുന്നു.

വിമാനദുരന്തങ്ങൾ സംബന്ധിച്ചു ഗവേഷണം നടത്തുന്നയാളാണു മക്മഹൻ. തന്റെ കണ്ടെത്തലുകൾ ഓസ്ട്രേലിയൻ ഗതാഗത, സുരക്ഷാ ബ്യൂറോയ്ക്കു കൈമാറിയതായി മക്മഹൻ പറഞ്ഞു. മൗറീഷ്യസിനു വടക്ക് റൗണ്ട് ഐലൻഡിനു സമീപത്താണു മക്മഹൻ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. രാജ്യാന്തര അന്വേഷണ സംഘങ്ങൾ പരിശോധിക്കാതിരുന്ന മേഖലയാണിത്.

2014 മാർച്ച് എട്ടിനാണു ക്വാലലംപുരിൽനിന്നു ബെയ്ജിങ്ങിലേക്കു പുറപ്പെട്ട എംഎച്ച് 370 ബോയിങ് വിമാനം ഇന്ത്യൻ മഹാസമുദ്രത്തിനു മുകളിൽവച്ചു കാണാതായത്. നാലുവർഷമായി നടക്കുന്ന അന്വേഷണങ്ങളിൽ വിമാനത്തിന്റേതെന്നു കരുതുന്ന ചില ഭാഗങ്ങൾ പലയിടങ്ങളിൽനിന്നു കണ്ടെത്തിയിരുന്നു.

ആദ്യമായാണ് വിമാനം വെടിവച്ചു വീഴ്ത്തിയതാകാമെന്ന മട്ടിലുള്ള തെളിവുകളുമായി ഒരാൾ രംഗത്തുവരുന്നത്.കഴിഞ്ഞ വർഷം, അമേരിക്കക്കാരനായ സ്വതന്ത്രാന്വേഷകൻ ബ്ലെയ്ൻ ഗിബ്സൺ മഡഗാസ്കർ തീരത്ത് അവശിഷ്ട ഭാഗങ്ങൾ കണ്ടെത്തിയെന്നും വിമാനഭാഗങ്ങൾ കത്തിനശിച്ച നിലയിലാണെന്നും വെളിപ്പെടുത്തിയിരുന്നു. വിമാനത്തിന്റെ ഭാഗങ്ങൾ കടലിൽ പല ഭാഗങ്ങളിലേക്ക് ഒഴുകിപ്പോയിരിക്കുമെന്നാണു കണക്കുകൂട്ടൽ.