മമ്മൂട്ടിയും പാർവതിയും ഒന്നിച്ചെത്തുന്നു; സഹനിർമാതാവായി ദുൽഖറും

0

മമ്മൂട്ടിയും പാർവതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘പുഴു’. നവാഗതയായ റത്തീന ശർഷാദ് ആണ് സംവിധാനം. മമ്മൂട്ടി ആദ്യമായി ഒരു വനിതാ സംവിധായികയുടെ ചിത്രത്തില്‍ നായകനാകുന്നുവെന്ന സവിശേഷതയുമുണ്ട് ചിത്രത്തിന്. സിന്‍ സില്‍ സെല്ലുലോയ്ഡിന്‍റെ ബാനറില്‍ എസ്. ജോര്‍ജാണ് പുഴു നിര്‍മ്മിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍റെ വേ ഫെറര്‍ സഹനിര്‍മ്മാതാവാകുന്ന ആദ്യ മമ്മൂട്ടി ചിത്രവുമാണ് പുഴു.

ഒരുപിടി പുതുമുഖ സംവിധായകര്‍ക്ക് അവസരം നല്‍കിയ നടനാണ് മമ്മൂട്ടി. പുതുമുഖ സംവിധായകരുടെ സിനിമകളില്‍ നായകനായി മമ്മൂട്ടി ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായിട്ടുണ്ട്. ഒരു പിടി മികച്ച സംവിധായകരെ മലയാള സിനിമയ്ക്കു സമ്മാനിച്ച മമ്മൂട്ടി ഈ വനിതാ ദിനത്തിൽ ഒരു പുതുമുഖ സംവിധായിക മലയാള സിനിമക്ക് സമ്മാനിക്കുന്നു എന്ന പ്രത്യേകത കൂടി പുഴുവിനുണ്ട്.

വനിതാ ദിനത്തില്‍, റത്തീന ശർഷാദ് എന്ന സംവിധായികയുടെ സിനിമയില്‍ പാര്‍വതിക്കൊപ്പം അഭിനയിക്കുന്നവെന്നാണ് മമ്മൂട്ടി അറിയിച്ചിരിക്കുന്നത്. ഉയരെ എന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും, രേവതി ഉൾപ്പെടെയുള്ള പ്രശസ്ത സംവിധായകരോടൊപ്പം പ്രവർത്തിച്ചു മലയാള സിനിമയിൽ വർഷങ്ങളായുള്ള സജീവ സാന്നിധ്യമാണ് റത്തീന.

പ്രമുഖ ക്യാമറാമാൻ തേനി ഈശ്വരാണ് പുഴുവിന്റെ ഛായാഗ്രാഹകൻ. മമ്മൂട്ടി സിനിമയുടെ ഫോട്ടോയും ഷെയര്‍ ചെയ്‍തിട്ടുണ്ട്. മനു ജഗദ് ആണ് കലാസംവിധാനം നിര്‍വഹിക്കുന്നത്.