മമ്മൂട്ടി- മലയാളത്തിൻ്റെ മഹാഭാഗ്യം

0

മലയാള സിനിമയിലെ പ്രിയതാരം മമ്മൂട്ടി ഇന്ന് സപ്തതിയുടെ നിറവിൽ. കഴിഞ്ഞ അമ്പത് വർഷമായി മലയാള സിനിമയിലെ നിറസാന്നിദ്ധ്യമായ അതുല്യനായ മഹാനടൻ എഴുപത് വയസ്സിലെത്തുമ്പോൾ ഓരോ മലയാളിയും അത്ഭുതത്തോടെയും ആദരവോടും കൂടിയാണ് മമ്മൂട്ടിയുടെ സൗന്ദര്യത്തെയും യുവത്വത്തെയും വീക്ഷിക്കുന്നത്.

മലയാളിക്ക് മറക്കാൻ കഴിയാത്ത കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ മമ്മൂട്ടി മലയാള സിനിമാ ചരിത്രത്തിന് നൽകിയ സംഭാവനകൾ അനശ്വരമാണ്. വടക്കൻ വീരഗാഥയിലെ ചന്തുവും പൊന്തൻമാടയും ഭീമ റാവു അംബേദ്കറും തനിയാവർത്തനത്തിലെ ബാലൻ മാസ്റ്ററും മമ്മൂട്ടി എന്ന നടൻ്റെ സിദ്ധിയുടെ അടയാളപ്പെടുത്തലുകൾ തന്നെയാണ്. കേരളീയന് മമ്മൂട്ടി സ്വന്തം വീട്ടിലെ ഒരംഗം തന്നെയാണ്. മലയാളി വീട്ടിലെ ടെലിവിഷൻ സ്ക്രീനിലൂടെ എല്ലാ ദിവസവും മമ്മൂട്ടിയുടെ രൂപവും ശബ്ദവും മലയാളിക്ക് മമ്മൂട്ടി എന്ന മഹാനടൻ്റെ നിത്യസാന്നിധ്യം തന്നെയാണ് നൽകിയിരുന്നത്.

മമ്മൂട്ടിയുടെ എഴുപത് മലയാളി ചലച്ചിത്ര പ്രേമിക്ക് യുവത്വത്തിൻ്റെ പതിനേഴ് തന്നെയാണ്.
ചലച്ചിത്ര മേഖലയിലെ വ്യക്തി ബന്ധങ്ങൾക്ക് മമ്മൂട്ടി മാതൃക തന്നെയാണ്. സഹപ്രവർത്തകരെ സ്നേഹിക്കാനും അംഗീകരിക്കാനും അദ്ദേഹം കാണിച്ചിരുന്ന ആർജ്ജവം വിലമതിക്കാൻ കഴിയാത്തത് തന്നെയാണ്. അഭിനയ മികവിൻ്റെ അംഗീകാരം തന്നെയാണ് മികച്ച നടനുള്ള ദേശീയ അവാർഡ് അദ്ദേഹത്തെ തേടിയെത്തിയത്.

സത്യനും പ്രേംനസീറിനും ശേഷം മലയാളികൾ ഇത്രയധികം ആഘോഷിച്ച മറ്റൊരു നടൻ മലയാളത്തിലുണ്ടായിട്ടില്ലെന്ന് തന്നെ പറയാം. എഴുപതാം വയസിലും ഇനിയും അങ്കത്തിനുള്ള ബാല്യമുണ്ടെന്ന് തന്നെയാണ് മമ്മൂട്ടി മലയാള ചലച്ചിത്ര ലോകത്തിനോട് പറയുന്നത്. സപ്തതിയുടെ മുഹൂർത്തത്തിൽ ഓരോ മ മലയാളിയും അദ്ദേഹത്തിന് മനസ്സാ സർവ്വവിധ ആശംസകളും നേരുന്നുണ്ട്.