‘ഹൃദയത്തോട് ചേര്‍ത്ത് വച്ചിരുന്ന ഒരാള്‍ കൂടി വിട പറയുന്നു’; കെ ജി ജോര്‍ജിന്റെ വിയോഗത്തില്‍ മമ്മൂട്ടി

0

സംവിധായകൻ കെ.ജി ജോർജിന്റെ നിര്യാണത്തിൽ അനുശോചിച്ച് മമ്മൂട്ടി. ഒറ്റ വരിയിലാണ് മമ്മൂട്ടി തന്റെ പ്രിയസംവിധായകനു യാത്രാമൊഴി പറഞ്ഞത്. ഹൃദയത്തോട് ചേർത്ത് വച്ചിരുന്ന ഒരാൾ കൂടി വിട പറയുന്നു, ആദരാഞ്ജലികൾ ജോർജ് സാർ, മമ്മൂട്ടി സമൂഹമാധ്യമത്തിൽ കുറിച്ചു.

മേള എന്ന ചിത്രത്തിലാണ് മമ്മൂട്ടി ആദ്യമായി കെ.ജി ജോർജിനൊപ്പം പ്രവർത്തിക്കുന്നത്. അന്ന് നടൻ ശ്രീനിവാസന്റെ ശുപാർശയിലാണ് മമ്മൂട്ടി കെ.ജി ജോർജിനെ പോയി കാണുന്നതും സംസാരിക്കുന്നതും. ആദ്യ മറുപടി പോസിറ്റീവ് ആയിരുന്നില്ലെങ്കിലും പിന്നീട് ഒരു ബൈക്ക് അഭ്യാസിയുടെ റോളിൽ മമ്മൂട്ടി ആ സിനിമയിൽ അഭിനയിക്കുകയും ചെയ്തു.

ഞാൻ കണ്ട സംവിധായകരിൽ ഏറ്റവും നല്ല നടനാണ് കെ. ജി ജോർജ്. എല്ലാ വേഷങ്ങളും എല്ലാവർക്കും അഭിനയിച്ചു കാണിച്ചു കൊടുക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. അതുപോലെ വിജയൻ എന്ന സർക്കസ് അഭ്യാസിയുടെ വേഷം അദ്ദേഹം അഭിനയിച്ചു കാണിച്ചു തന്നു, കെ.ജി ജോർജിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയിൽ മമ്മൂട്ടി അദ്ദേഹത്തെ ഓർത്തെടുത്തത് ഇങ്ങനെയാണ്.