വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യുവാവിന് ശിക്ഷ നടപ്പാക്കുന്നതിന് തൊട്ടുമുന്‍പ് കൊല്ലപ്പെട്ടയാളുടെ പിതാവ് മാപ്പ് നല്‍കി; സൗദിയില്‍ നിന്നുള്ള വീഡിയോ

0

സൗദിയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട യുവാവിന് ശിക്ഷ നടപ്പാക്കുന്നതിന് തൊട്ടുമുന്‍പ് കൊല്ലപ്പെട്ടയാളുടെ പിതാവ് മാപ്പ് നല്‍കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നു. 

വധശിക്ഷക്ക് വിധിക്കപ്പെട്ട യുവാവിന് ശിക്ഷ നടപ്പാക്കുന്നതിന് തൊട്ടു മുന്‍പ് കൊല്ലപ്പെട്ടയാളുടെ പിതാവ് മാപ്പ് നല്‍കുകയായിരുന്നു.  സൗദിയിലാണ് വധശിക്ഷയ്ക്ക് നിമിഷങ്ങള്‍ ബാക്കിയുള്ളപ്പോള്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. തടിച്ചുകൂടിയ ജനങ്ങള്‍ കരഘോഷത്തോടെയാണ് ഈ പ്രഖ്യാപനത്തെ സ്വീകരിച്ചത്.

സൗദിയിലെ റാബിഗ് ഗവര്‍ണറേറ്റിലാണ് വധശിക്ഷക്ക് കാരണമായ കൊലപാതകം നടന്നത്. വിചാരണക്കൊടുവില്‍ പ്രതിക്ക് കോടതി വധശിക്ഷ വധിച്ചുവെന്നും അപ്പീലുകള്‍ തള്ളുകയും പ്രതിക്ക് മാപ്പ് നല്‍കാന്‍ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ വിസമ്മതിക്കുകയും ചെയ്തതോടെ പ്രതിയുടെ വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊല്ലപ്പെട്ട വ്യക്തിയുടെ പിതാവ് മുഹമ്മദ് ബിന്‍ ദവാസ് അല്‍ ബലദിയും വധശിക്ഷ നടപ്പാക്കുന്നതിന് സാക്ഷിയാവാനെത്തിയിരുന്നു. ശിക്ഷ നടപ്പാക്കുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പ് ഇയാള്‍ അടുത്തേക്ക് ചെല്ലുകയും തന്റെ മകന്റെ ഘാതകന് താന്‍ മാപ്പുനല്‍കുന്നുവെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു.