പ്രളയം: മഞ്ജു വാര്യരടക്കം 30 മലയാളികൾ ഹിമാചലിൽ കുടുങ്ങി

0

മണാലി: സിനിമാ ചിത്രീകരണത്തിനായി ഹിമാചല്‍ പ്രദേശില്‍ എത്തിയ നടി മഞ്ജുവാര്യര്‍ ഉള്‍പ്പെട്ട 30 അംഗ മലയാളി സംഘം കനത്ത മഴയിലും മണ്ണിടിച്ചിലിലും കുടുങ്ങിയതായി റിപ്പോർട്ട്. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന കയറ്റം എന്നചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഭാഗമായാണ് മഞ്ജു ഉള്‍പ്പെടുന്ന സംഘം ഹിമാചലിലെ മണാലിയിൽ നിന്നും 100 കിലോമീറ്റർ അകലെയുള്ള ഛത്ര എന്ന സ്ഥലത്ത് എത്തിയത്. ചിത്രീകരണത്തിന്‍റെ ഭാഗമായി കഴിഞ്ഞ മൂന്നാഴ്ച്ചയായി ഇവര്‍ ഹിമാചലില്‍ ഉണ്ട്.

കനത്ത മണ്ണിടിച്ചിലും മഴയും കാരണം സംഘത്തിന് ഛത്രുവില്‍ നിന്നും പുറത്തു കടക്കാന്‍ സാധിച്ചിട്ടില്ല. ഇന്നലെ രാത്രി മഞ്ജുവാര്യര്‍ നേരിട്ട് സഹോദരനെ വിളിച്ചു വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. രണ്ട് ദിവസത്തേക്കുള്ള ഭക്ഷണം മാത്രമാണ് ഇവരുടെ കൈയില്‍ ഉള്ളതെന്നാണ് സൂചന. ഈ പ്രദേശത്തെ ടെലിഫോൺ, വൈദ്യുതി, ഇന്റർനെറ്റ് ബന്ധവും തകരാറിലാണ്.

ദിവസങ്ങളായി ഹിമാചൽപ്രദേശിൽ കനത്ത മഴ തുടരുകയാണ്. ഇരുപതിലേറെ പേര്‍ മരണപ്പെട്ടു. അഞ്ഞൂറോളം പേർ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. ഷൂട്ടിംഗ് സംഘത്തെ രക്ഷപ്പെടുത്താന്‍ വേണ്ട നടപടികള്‍ തുടങ്ങിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി വി മുരളീധരന്‍ അറിയിച്ചു. ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും മുരളീധരന്‍ അറിയിച്ചു. തലസ്ഥാനമായ ഷിംലയില്‍ നിന്നും 330 കിമീ ദൂരെയാണ് ഛത്രു. .