മാനുഷി ചില്ലര്‍ ഉലകനായകന്റെ നായികയാകും; ഇന്ത്യന്‍ 2വില്‍ മാനുഷി നായിക

0

മാനുഷി ചില്ലര്‍ ഉലകനായകന്‍ കമല്‍ഹാസന്റെ നായികയാകുന്നതായി റിപ്പോര്‍ട്ടുകള്‍. സംവിധായകന്‍ ശങ്കറും കമലും വീണ്ടും ഒന്നിക്കുന്ന ഇന്ത്യന്‍ 2 എന്ന ചിത്രത്തില്‍ മാനുഷി നായികയായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്റെ രണ്ടാം ഭാഗത്തില്‍ അഭിയിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് ശങ്കറിന്റെ ഫിലിം കമ്പനിയില്‍ നിന്ന് മാനുഷിക്ക് സന്ദേശം പോയിക്കഴിഞ്ഞു.

രാഷ്ട്രീയ പ്രവേശനത്തോടെ സിനിമാ രംഗം വിടാനൊരുങ്ങുന്ന കമല്‍ഹാസന്റെ അവസാന ചിത്രമായിരിക്കും ഇന്ത്യന്‍ 2 എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രത്തില്‍ ലോകസുന്ദരിയെ തന്നെ നായികയായി കൊണ്ടു വരാനുള്ള നീക്കങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ചൈനയില്‍ നടന്ന മത്സരത്തിലാണ് ഹരിയാനക്കാരി മാനുഷി ലോകസുന്ദരിപ്പട്ടം ചൂടിയത്.

രജനീകാന്ത് നായകനാകുന്ന എന്തിരന്‍ 2 എന്ന ചിത്രത്തിന്റെ റിലീസിന് ശേഷം ഇന്ത്യന്‍ 2ന്റെ ചര്‍ച്ചകളിലേക്ക് കടക്കാനാണ് ശങ്കര്‍ ലക്ഷ്യമിടുന്നത്. ശങ്കറിന്റെ ജീന്‍സ് എന്ന ചിത്രത്തില്‍ അഭിനയിച്ച മുന്‍ ലോകസുന്ദരി ഐശ്വര്യ റായിക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഐശ്വര്യ ബോളിവുഡിലെ ഏറ്റവും വിലപിടിച്ച നായികയായി മാറിയത് ചരിത്രം. അതേസമയം ശങ്കറിന്റെ കമ്പിക്ക് പുറമെ പ്രമുഖ ബോളിവുഡ് നിര്‍മ്മാതാക്കളും പുതിയ ലോകസുന്ദരിയെ നോട്ടമിട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.