വിദേശത്തേക്ക് മരുന്നുകള്‍ കൊണ്ട് പോകുമ്പോള്‍ ശ്രദ്ധിക്കുക; രോഗത്തിനുള്ള മരുന്ന് മയക്കുമരുന്നെന്നു തെറ്റിദ്ധരിച്ചു മലയാളി യുവതിയെയും കുഞ്ഞിനേയും സൗദി ജയിലില്‍ അടച്ചു

0

ഗുരുതരമായ മസ്തിഷ്‌ക രോഗത്തിനുള്ള മരുന്നുമായി സൗദി അറേബ്യയിലുള്ള ഭര്‍ത്താവിന്റെ അടുത്തേക്കു പോയ യുവതിയെയും മൂന്നു വയസുള്ള മകനെയും വിമാനത്താവളത്തില്‍ പിടികൂടി ദമാം ജയിലില്‍ അടച്ചു.

വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ മരുന്നു കണ്ടു മയക്കുമരുന്നെന്നു തെറ്റിദ്ധരിച്ചതിനെ തുടര്‍ന്നാണ് ഡ്രഗ്‌സ് ആന്‍ഡ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ വിഭാഗം അമ്മയെയും കുഞ്ഞിനെയും പിടികൂടി ജയിലില്‍ അടച്ചതെന്നാണു സൂചന. കുഞ്ഞിനെ പിന്നീടു വിട്ടയച്ചു. അമ്മ ഇപ്പോഴും ജയിലില്‍ തന്നെയാണ്. നാട്ടില്‍നിന്ന് ഇവരുടെ ചികിത്സാ റിപ്പോര്‍ട്ട് സൗദിയിലെ ഇന്ത്യന്‍ എംബസിക്കു കൈമാറിയിട്ടുണ്ട്. എംബസി ഇത് ഉടന്‍ തന്നെ സൗദി അധികൃതര്‍ക്കു നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

കോട്ടയം ചങ്ങനാശേരിയിലുള്ള ഹിസാനാ ഹുസൈനും (26) അവരുടെ മൂന്നു വയസുകാരന്‍ മകനുമാണു സൗദിയില്‍ ജയിലിലായത്. ചൊവ്വാഴ്ച പകലാണു ഹിസാന കുഞ്ഞിനൊപ്പം കൊച്ചിയില്‍നിന്ന് സൗദി അറേബ്യയിലുള്ള ഭര്‍ത്താവിന്റെ അടുത്തേക്കു പറന്നത്. മസ്തിഷ്‌ക സംബന്ധമായ ഗുരുതര രോഗത്തിനു കഴിഞ്ഞ മൂന്നു വര്‍ഷമായി കേരളത്തിലെ പ്രമുഖ ന്യൂറോളജിസ്റ്റിന്റെ ചികിത്സയിലാണ് അവര്‍. ഡോക്ടറുടെ നിര്‍ദേശപ്രകാരം ആറു മാസത്തേക്കുള്ള മരുന്നുമായാണ് അവര്‍ സൗദിയിലേക്കു വിമാനം കയറിയത്. അവിടെയെത്തിയപ്പോള്‍ വിമാനത്താവളത്തിൽ ഡ്രഗ്‌സ് ആന്‍ഡ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ വിഭാഗം പിടികൂടുകയായിരുന്നു.

സംഭവം അറിഞ്ഞതോടെ നാട്ടിലുള്ള ബന്ധുക്കള്‍ ഇവര്‍ക്കു പരിചയമുള്ള ലോക് ജനശക്തി പാര്‍ട്ടി നേതാവ് രമാ ജോര്‍ജും മാധ്യമപ്രവര്‍ത്തകനായ അഭിലാഷ് ജി നായരും ഇവരെ സഹായിക്കാന്‍ രംഗത്തെത്തുകയായിരുന്നു. സൗദിയിലെ ഇന്ത്യന്‍ എംബസിയുമായി ഇവര്‍ ട്വിറ്ററിലും ഫോണിലും ബന്ധപ്പെട്ടു. നാട്ടില്‍നിന്നു ഹിസാനയുടെ ചികിത്സാ റിപ്പോര്‍ട്ട് എംബസിക്ക് അയച്ചുകൊടുത്തു. ഹിസാനയുടെ ഭര്‍ത്താവ് എംബസി ആവശ്യപ്പെട്ട എല്ലാ രേഖകളും കൈമാറിയിട്ടുണ്ട്. ചികിത്സാ റിപ്പോര്‍ട്ട് അറ്റസ്റ്റ് ചെയ്‌തെന്നും സൗദിയില്‍ പ്രാക്ടീസ് ചെയ്യുന്ന ഇന്ത്യന്‍ ന്യൂറോസര്‍ജന്റെ സത്യവാങ്മൂലവും വാങ്ങി ഉടന്‍ തന്നെ സൗദി അധികൃതര്‍ക്ക് കൈമാറുമെന്നും എംബസിയില്‍നിന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്.

ശസ്ത്രക്രിയ കഴിഞ്ഞു വിശ്രമത്തില്‍ കഴിയുന്ന വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെയും വിവരമറിയിച്ചു. മന്ത്രാലയത്തില്‍നിന്നും ഇടപെടലുണ്ടായതോടെയാണു ജയിലില്‍നിന്നു കുഞ്ഞിനെ വിട്ടയയ്ക്കാന്‍ അധികൃതര്‍ തയാറായത്. ഹിസാന ഉടന്‍തന്നെ ജയില്‍ മോചിതയാകുമെന്ന പ്രതീക്ഷയിലാണു ബന്ധുക്കളും സുഹൃത്തുക്കളും. ഡോക്ടറുടെ കുറിപ്പ് ഉണ്ടെങ്കില്‍ പോലും മരുന്നുകളുമായി സൗദിയിലേക്ക് എത്തരുതെന്ന് മുന്നറിയിപ്പു നല്‍കാറുണ്ടെന്ന് സൗദിയിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി.എന്തായാലും നാട്ടില്‍ നിന്നും മരുന്നുകള്‍ കൊണ്ട് വരുമ്പോള്‍ ശരിയായ രേഖകള്‍ കൊണ്ട് വരണം എന്നത് പലര്‍ക്കും അറിവുള്ള കാര്യമല്ല .ഇതാണ് ഇപ്പോള്‍ ഈ യുവതിക്കും കുഞ്ഞിനും വിനയായത് .

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.