പ്രായത്തെ വെല്ലുന്ന ചുവടുകളുമായി മീനാക്ഷിയമ്മ…ഇത് പെൺകരുത്തിന്‍റെ വേറിട്ട മുഖം

0

 ‘അങ്കത്തട്ടുകളുയർന്ന നാട്
ആരോമൽചേകവർ വളർന്ന നാട്
പടവാൾ മുന കൊണ്ടു മലയാളത്തിന്
തൊടുകുറി ചാർത്തിയ കടത്തനാട്…’

വയലാറിന്റെ തൂലികയിൽ നിന്നും അടർന്നു വീണ ഈ വാക്കുകൾ തന്നെയാണ് അക്ഷരാർത്ഥത്തിൽ കടത്തനാട്…കടത്തനാടിന്‍റെ കാറ്റിനുപോലും വീരചരിതത്തിന്റെ ശൂരുണ്ട്. ആരോമൽ ചേകവരുടെയും പടത്തലവൻ മാരുടെയും മാത്രം കഥയല്ല ഉണ്ണിയാർച്ചയുടെ പെൺകരുത്തിന്‍റെ കഥയും ഇവിടത്തെ ഇടവഴികളിലെ നാട്ടുപാട്ടിന്‍റെ താളമാണ്… എന്നാൽ കളരിയുടെ ഈറ്റില്ലത്തിനിപ്പോൾ മറ്റൊരു ഉണ്ണിയാർച്ചയുടെ കഥയാണ് പറയാനുള്ളത്. വടകര, കരിമ്പനപ്പാലത്ത കായക്കണ്ടി ഗോവിന്ദവിഹാറില്‍ മീനാക്ഷി അമ്മ എന്ന മീനാക്ഷി രാഘവന്‍റെ കഥ.

നാട്ടുകാര്‍ മീനാക്ഷിയമ്മ എന്ന് വിളിക്കുന്ന മീനാക്ഷി ഗുരുക്കള്‍ എഴുപത്തിയാറാം വയസ്സിലും പതിനേഴിന്‍റെ ചുറുചുറുക്കോടെ കളരിയില്‍ അംഗം വെട്ടുന്നത് ഒരു വിസ്മയക്കാഴ്ച്ച തന്നെയാണ്. സപ്തതി കഴിഞ്ഞിട്ടും പിഴക്കാത്ത അടവുകളുമായി സാമുറായി അമ്മ’ എന്ന് വിളിപ്പേരുള്ള മീനാക്ഷി രാഘവന്‍ ചുവട് വെച്ച് കയറിയത് കളരിപയറ്റിന്‍റെ മറ്റൊരു പുത്തൻ ചരിത്രത്തിലേക്കാണ്. അങ്കത്തലപ്പുകള്‍ വിധിപറയുന്ന കടത്തനാടന്‍ മണ്ണില്‍ പെണ്ണൊരുക്കത്തിന്റേയും മെയ്ക്കരുത്തിന്റേയും മറ്റൊരു വീരഗാഥകൂടി രചിക്കയാണ് ഉണ്ണിയാര്‍ച്ചയുടെ ഈ പിന്മുറക്കാരി.

‘താണമര്‍ന്ന് ഭൂമി തൊട്ട് വന്ദിച്ച് പഴുതുനോക്കി ചാടി ഇടപുറം കണ്ട് വീണ് പന്തിചേര്‍ന്ന് ഉരുത്തിപരിചചുഴറ്റി വാള്‍തൊഴുത് വാങ്ങിത്തിരിഞ്ഞുചാടി മുഖം കണ്ടു നില്‍ക, വാള്‍ ചുഴറ്റി വീശിത്തിരിഞ്ഞ് അമര്‍ന്ന് മാറ്റാനെ നോക്കി ഗജമുഖം കണ്ടടുത്ത് വീശിവെട്ടി വലതു വീശി മൂന്ന് വെട്ടിചുഴറ്റിത്തിരിഞ്ഞ് മാറിക്കുതിച്ച്ചാടി പരിചയില്‍ താണമര്‍ന്ന് ഏറ്റുവാങ്ങിപ്പിരിഞ്ഞ് വീശിമാറിപ്പൊങ്ങി നിലയമര്‍ന്നു നില്‍ക….’ ഈ വായ്ത്താരി മീനാക്ഷിയമ്മയ്ക്ക് ജീവിതത്തിന്‍റെ താളമാണ്… ആറര പതി​റ്റാണ്ടിലേറെയായി കളരിപ്പയ​റ്റ് പഠിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നയാളാണ് മീനാക്ഷിയമ്മ. ഏഴാം വയസില്‍ പിതാവാണ് കളരിയിലേക്ക് മീനാക്ഷിഅമ്മയെ കൊണ്ടുവന്നത്. അന്നുമുതല്‍ കളരിയാണ് ഇവരുടെ ജീവിതം.

അഞ്ചു വയസ്സു മുതല്‍ നന്നായി ഡാന്‍സ് ചെയ്യുമായിരുന്ന മീനാക്ഷിയമ്മയെ കൂടുതല്‍ മെയ് വഴക്കത്തിന് വേണ്ടിയാണ് കളരിയിലേക്ക് വിടുന്നത്. അക്കാലത്തൊക്കെ ആണ്‍/പെണ്‍ വ്യത്യാസമില്ലാതെ ബാല്യത്തില്‍ തന്നെ കളരിയില്‍ ചേര്‍ത്ത് മെയ്യഭ്യാസം പരിശീലിപ്പിക്കുന്ന രീതി വടക്കന്‍ കേരളത്തിന്റെ പല പ്രദേശങ്ങളിലുമുണ്ടായിരുന്നു. മെയ് പയ​റ്റ്, കോല്‍ത്താരി, അങ്കത്താരി, ഒ​റ്റ എന്നുവേണ്ട എല്ലാ മുറകളും ഇവരുടെ കൈയില്‍ ഭദ്രം. കളരി അഭ്യാസത്തിന് പ്രായം തടസ്സമല്ലെന്ന് തെളിയിക്കുകയാണ് അടിതെറ്റാത്ത ചുവടുകളോടെ 17 ചുറുചുറുക്കുള്ള മീനാക്ഷിയമ്മ.

കളരി ആശാന്മാരില്‍ പേരു കേട്ട കടത്തനാട് രാഘൂട്ടി ഗുരുക്കളുടെ സഹധര്‍മിണിയാണ് മീനാക്ഷി. കരിമ്പനപ്പാലത്തെ കടത്തനാട് കളരി സംഘം സ്ഥാപകന്‍ കൂടിയാണ് വി.പി.രാഘവന്‍ഗുരുക്കൾ. ഏഴാം വയസ്സില്‍ ഇതേ കളരിയില്‍ പരിശീലനം തുടങ്ങിയ ആളാണ് മീനാക്ഷി ഗുരുക്കൾ. അന്നും രാഘവന്‍ ഗുരുക്കളായിരുന്നു ഇവിടത്തെ ഗുരുക്കള്‍. പതിനേഴാം വയസ്സില്‍ വിവാഹം കഴിഞ്ഞ് കുഞ്ഞുങ്ങളായ ശേഷം കളരിയിൽ നിന്നും വിട്ടുനിന്നെങ്കിലും കളരി നടത്തിപ്പില്‍ ഭര്‍ത്താവിന് പിന്തുണയുമായി കൂടെയുണ്ടായിരുന്നു. പിന്നീട് 2010 ല്‍ രാഘൂട്ടി ഗുരുക്കളുടെ വിയോഗത്തിനുശേഷം കളരിയും അദ്ദേഹം പകർന്നു തന്ന അറിവുകളുടെ ഇടറാത്ത ചുവടുകളുമായി മുന്നോട്ടുവരുകയായിരുന്നു മീനാക്ഷിയമ്മ.

കായക്കൊടി കോട്ടക്കടവിലാണ് മീനാക്ഷിയമ്മയുടെ ‘കടത്തനാടന്‍ കളരിസംഘം’ വീടിനോട് ചേർന്ന് തന്നെയാണ് കളരി സ്ഥിതിചെയ്യുന്നത്. ഇവിടത്തെ കളരി, കുഴിക്കളരിയാണ്. വയനാടന്‍ കാടുകളില്‍ നിന്ന് പുറ്റ് മണ്ണ് കൊണ്ടുവന്ന്‍ വിഷാംശം നീക്കി ശുദ്ധീകരിച്ചാണ് കുഴിക്കളരിയില്‍ തറ ഒരുക്കിയിരിക്കുന്നത്. കുഴിക്കളരി ഇന്ന് അപൂര്‍വ്വമാണ്.

ആദ്യകാലത്ത് കുഴിക്കളരി, അങ്കക്കളരി എന്നിങ്ങനെ രണ്ടു തരം കളരികളാണ് ഉണ്ടായിരുന്നത്. കുഴിക്കളരി കളരിപ്പയറ്റ് ശാസ്ത്രീയമായി അഭ്യസിപ്പിക്കുന്ന പരിശീലനകേന്ദ്രങ്ങളാണ്.
പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ഒരുമിച്ചാണ് പരിശീലനം. പല പ്രായത്തിലുള്ളവരും പല ദേശത്തു നിന്നുള്ളവരുമുണ്ട്. ഇവരെയെല്ലാം പഠിപ്പിക്കാനായി മീനാക്ഷിയമ്മ കളരിയിലുണ്ടാകും. മൂന്ന് ബാച്ചുകളായി രാവിലെ ഏഴിനുതുടങ്ങി രാത്രി പതിനൊന്നുവരെ നീണ്ടു നില്‍ക്കാറുണ്ട് ക്ലാസുകള്‍. വേനൽ കാലമായാൽ കളരിയിൽ മീനാക്ഷിയമ്മക്ക് വിശ്രമകാലമാണ്.

മീനാക്ഷി അമ്മയും അവരുടെ ‘കടത്തനാടന്‍ കളരി’യും വടകരയിൽ മാത്രം ഒതുങ്ങുന്നതല്ല, മുംബൈ, ഡല്‍ഹി, ചെന്നൈ, ബാംഗ്ലൂര്‍ തുടങ്ങിയ മഹാനഗരങ്ങളിലടക്കം ഒട്ടേറെ വേദികളില്‍ ഇവര്‍ പ്രകടനം നടത്തിയിട്ടുണ്ട്. കേരളത്തിന്‍റെ തനത് ആയോധന കലാ ചരിത്രത്തിന്‍റെ ഭാഗവും കൂടിയാണ് ‘കടത്തനാടന്‍ കളരിസംഘം’. ടൂറിസ്റ്റുകളെ ആകർഷിക്കാനായി കാട്ടികൂട്ടുന്ന മുറകളല്ല ഇവിടത്തെ കളരിയിൽ അഭ്യസിപ്പിക്കുന്നത്. കടത്തനാടന്‍ ചിട്ടപ്രകാരമാണ് ഇവിടത്തെ പരിശീലനം. മെയ്പ്പയറ്റാണ് പഠനത്തിന്റെ ആദ്യ ഘട്ടം. മൂന്നുവര്‍ഷമാണ് ഇത് പഠിക്കാനെടുക്കുന്ന സമയം. പിന്നീട് കോല്‍ത്താരിയും അങ്കത്താരിയുമാണ്. ഇത് കോല്‍ കൊണ്ടും ആയുധങ്ങളേന്തിയുമുള്ള അഭ്യാസങ്ങളാണ്. ഒടുവില്‍ വെറുംകൈ. ശരീരം മുഴുവന്‍ എണ്ണ തേച്ചാണ് പരിശീലനം. അഭ്യാസം കഴിഞ്ഞാൽ കുരുമുളകിന് മധുരം ചേർത്തവെള്ളം കുടിക്കും. പ്രതിരോധശേഷി വര്‍ധിക്കാനാണിത്ത്.

ഇവരുടെ നാല് മക്കളും കളരി അഭ്യസിച്ചിട്ടുണ്ട്. മകന്‍ സജീവ്കുമാര്‍ ഷാര്‍ജയില്‍ കളരി നടത്തുന്നു. മകനും മകന്‍റെ മകളും ഇപ്പോള്‍ ഇവർക്ക് കൂട്ടായി കളരിയില്‍ കൂടെയുണ്ട്. കൂടാതെ രാഘവന്‍ ഗുരുക്കളുടെയും മീനാക്ഷിയമ്മയുടെയും പ്രിയ ശിഷ്യന്‍ സജില്‍ ഗുരുക്കളുമുണ്ട്. അമ്മയും പ്രധാന ശിഷ്യന്മാരും പരിശീലനത്തിന് നേതൃത്വം നല്‍കുമ്പോള്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ മെയ്യഭ്യാസമുറകള്‍ പരിശീലിക്കാനെത്തുന്നവരുടെ സംഖ്യ കളരിക്കുള്‍ക്കൊള്ളാവുന്നതിലും അധികമാണ്.

ഒരു വര്‍ഷം ശരാശരി നൂറ്റിയെഴുപതോളം പേര്‍ പരിശീലനത്തിനായി എത്താറുണ്ട്. കാനഡയില്‍ നിന്നും ഫിലിപ്പൈന്‍സില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും വരെ കളരിയഭ്യാസത്തിനെത്തിയ ശിഷ്യന്മാരും മീനാക്ഷി അമ്മയുടെ ചുരികത്തലപ്പിനു മുന്നില്‍ തൊഴുതു വണങ്ങുന്നു. വടകരയിലെ കടത്തനാട് കളരി സംഘത്തിനുമുണ്ട് പ്രത്യേകത. ഫീസൊന്നും വാങ്ങാതെയാണ് കളരി അഭ്യസിപ്പിക്കുന്നത്. അഭ്യാസം പൂര്‍ത്തിയായാല്‍ കുട്ടികള്‍ ദക്ഷിണ നല്‍കും.

60 വര്‍ഷം ഒരേ സ്ഥലത്ത് കളരി നടന്നുവെന്ന പ്രത്യേകതയും ഈ കളരിക്കുണ്ട്. തെക്കന്‍ കളരിമുറയില്‍ നിന്ന് വ്യത്യസ്തമായി മെയ്യഭ്യാസത്തോടൊപ്പം മര്‍മ്മ ചികിത്സയും കളരിയഭ്യാസത്തിന്‍റെ ഭാഗമാണെന്നതാണ് വടക്കന്‍ കളരി സമ്പ്രദായത്തിന്റെ പ്രത്യേകത. ഒടിവ്,ചതവ്, ഉളുക്ക് തുടങ്ങിയവയ്ക്ക് പാരമ്പര്യ ചികിത്സയിലും കൈപ്പുണ്യം തെളിയിച്ചിട്ടുണ്ട് മീനാക്ഷി അമ്മ.മീനാക്ഷിയമ്മയുടെ കടത്തനാടന്‍ കളരിയോട് ചേര്‍ന്ന് കളരി ചികിത്സയുണ്ട്. ഒടിവും ചതവും ഒക്കെയായി നിരവധി പേര്‍ ഇപ്പോഴും അവിടെ ചികിത്സയ്ക്ക് വരുന്നുണ്ട്. കഷായവും തൈലവും ഒക്കെ അവിടെ തന്നെയാണ് ഉണ്ടാക്കുന്നത്‌. കഷായക്കൂട്ടുകള്‍ എല്ലാം വളരെ കൃത്യമായും കണിശമായും ചേര്‍ക്കണമെന്നു ഗുരുക്കള്‍ക്ക് വലിയ നിര്‍ബ്ബന്ധം ഉണ്ടായിരുന്നു. ഇപ്പോള്‍ ഗുരുക്കളുടെ ശിഷ്യന്‍ സജില്‍ ഗുരുക്കളാണ് ഇക്കാര്യങ്ങളൊക്കെ നോക്കുന്നത്.

ആയോധന കലാരംഗത്ത് മീനാക്ഷി അമ്മ നല്‍കിയ സമഗ്ര സംഭവനകള്‍ പരിഗണിച്ച് രാജ്യം ഇവരെ 2017 ൽ പത്മശ്രീ നൽകി ആദരിച്ചു. കളരിപരമ്പര ദൈവങ്ങളെ തുട്ടുവണങ്ങി പ്രായത്തെ തോല്‍പിക്കുന്ന മെയ്‌വഴക്കത്തോടെ മീനാക്ഷി അമ്മ ഇന്നും കളരിയിൽ നിറസാന്നിധ്യമായി നിലകൊള്ളുമ്പോൾ ഈ വനിതാ ദിനത്തിൽ കരുത്തിന്‍റെ പര്യായമായ ഈ പേര് നാം ഓർക്കുക തന്നെവേണം