ആ 15 തൊഴിലാളികളെ നമ്മള്‍ സൗകര്യപൂര്‍വ്വം മറന്നോ?; മേഘാലയ ഖനി രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയില്‍; ഖനിയില്‍ നിന്നും ദുര്‍ഗന്ധമുണ്ടെന്നു രക്ഷാപ്രവര്‍ത്തകര്‍

0

മേഘാലയ ഈസ്റ്റ് ജയന്തിയ ഹില്‍സ് ജില്ലയിലെ ഖനിയില്‍ 15 തൊഴിലാളികള്‍ കുടുങ്ങി 16 ദിവസമാകുമ്പോള്‍ രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയില്‍. ഖനിക്കകത്തെ വെള്ളം പുറന്തള്ളാന്‍ ഉയര്‍ന്ന ശേഷിയുള്ള വാട്ടര്‍ പമ്പുകള്‍ എന്‍ഡിആര്‍എഫ് നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതുവരെ പമ്പുകള്‍ എത്തിയിട്ടില്ല. 

അതേസമയം ഖനിയില്‍ കുടുങ്ങിയ ആളുകളെ രക്ഷപ്പെടുത്താന്‍ സാധിക്കുമെന്ന കാര്യത്തില്‍ ഇപ്പോള്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് പോലും വലിയ പ്രതീക്ഷയില്ല. ഖനിയില്‍ നിന്നും ദുര്‍ഗന്ധം പുറത്തേക്ക് വരുന്നത് ഉള്ളില്‍ അകപ്പെട്ടവരുടെ മൃതദേഹത്തില്‍ നിന്നുല്ലതാണോ എന്നും സംശയമുണ്ട്.

നിലവിലെ 25 എച്ച്പി പമ്പുകള്‍ അപര്യാപ്തമായതിനാല്‍ തിങ്കളാഴ്ച രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു. പല പമ്പുകളും പ്രവര്‍ത്തിക്കുന്നത് പോലുമില്ലെന്നും എന്‍ഡിആര്‍എഫ് പറയുന്നു. 100 എച്ച്പിയുടെ 10 പമ്പുകളെങ്കിലും വേണമെന്നാണ് ആവശ്യം. വ്യോമസേന ഭുവനേശ്വറില്‍ നിന്ന് ഗുവാഹത്തിയിലേയ്ക്ക് വിമാന മാര്‍ഗവും അവിടെ നിന്ന് ഈസ്റ്റ് ജയന്തിയയിലേയ്ക്ക് റോഡ് മാര്‍ഗവുമാണ് പമ്പുകള്‍ എത്തിക്കുക. പമ്പുകള്‍ എത്തിയാല്‍ മാത്രമേ ഡൈവര്‍മാര്‍ക്ക് പ്രവര്‍ത്തിക്കാനാകൂ. 70 അടി ജലനിരപ്പാണ് 320 ആഴം കണക്കാക്കുന്ന ഖനിയിലുള്ളത്.ഡൈവര്‍മാരടക്കം 70 എന്‍ഡിആര്‍എഫ് അംഗങ്ങളും കോള്‍ ഇന്ത്യ വിദഗ്ധരും സ്ഥലത്തുണ്ട്. ഇതുവരെ തൊഴിലാളികളുടെ ഹെല്‍മെറ്റുകള്‍ മാത്രമാണ് കണ്ടെത്താനായത്.

ഡിസംബർ 13 നാണ് ഖനിയില്‍ തൊഴിലാളികള്‍ കുടുങ്ങിയത്. തായ്‍ലാൻഡിലെ ഒരു ഗുഹയിൽ പന്ത്രണ്ട് കുട്ടികൾ കുടുങ്ങിയതും അവരെ പതിനേഴ് ദിവസം നീണ്ട പ്രയത്നങ്ങൾക്കൊടുവിൽ പുറത്തെത്തിച്ചതും ദിവസത്തിനു ശേഷം രാജ്യാന്തര മാധ്യമങ്ങളിൽ വാർത്തയായിരുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ തായ്‌ലാൻഡിലേക്ക് സഹായഹസ്തവുമായെത്തി. വിദേശരാജ്യങ്ങളിൽ നിന്നുള്ള അതിവിദഗ്ധരായ നീന്തൽക്കാരും പര്യവേക്ഷകരുമെല്ലാം രക്ഷാപ്രവർത്തനത്തിനെത്തി. സമാനമായൊരു സംഭവം ഇന്ത്യയിൽ നടന്നപ്പോൾ സർക്കാർ പോലും തിരിഞ്ഞുനോക്കാനുണ്ടായില്ല.

ഖനികളിൽ കുടുങ്ങിയവർ നഗരവാസികളായിരുന്നില്ല. മേഘാലയയിലെ ഏറ്റവും ദരിദ്രമായ പ്രദേശങ്ങളിൽ നിന്നും അന്നം തേടിയെത്തിയ മനുഷ്യരാണവർ. ഉൾനാടുകളിലുള്ള ഇവരിൽ പലരുടെയും ബന്ധുക്കൾ പോലും തങ്ങളുടെ ഉറ്റവർക്ക് സംഭവിച്ച ദുര്യോഗത്തെക്കുറിച്ച് അറിഞ്ഞിട്ടില്ല. വെള്ളം വറ്റിക്കാനുള്ള ശക്തിയേറിയ പമ്പുകളെത്തിക്കാൻ പോലും സംസ്ഥാന സർക്കാർ ശ്രമിക്കുകയുണ്ടായില്ല. പത്തു ദിവസം പിന്നട്ടപ്പോഴാണ് ദേശീയ മാധ്യമങ്ങൾ ഈ വാർത്തയെ ശ്രദ്ധിക്കാൻ തുടങ്ങിയത് തന്നെ.