ബാർജ് അപകടം: മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി; 3 പേർക്കായി തിരച്ചിൽ

0

മുംബൈ∙ അറബിക്കടലിൽ പി–305 ബാർജ് മുങ്ങിയുണ്ടായ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി. തൃശൂർ സ്വദേശി അർജുൻ, ശക്തികുളങ്ങര സ്വദേശി ആന്റണി എഡ്വിൻ എന്നിവരുടെ മരണമാണ് സ്ഥിരീകരിച്ചത്. സ്വകാര്യ കമ്പനിയുടെ ജീവനക്കാരനായിരുന്നു ആന്റണി എഡ്വിൻ.

കൽപറ്റ സ്വദേശി ജോമിഷ് ജോസഫ്, കോട്ടയം ചിറക്കടവ് സ്വദേശി സസിൻ ഇസ്മയിൽ, മൂപ്പൈനാട് വടുവന്‍ചാല്‍ സ്വദേശി സുമേഷ് എന്നിവരുടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു. ബാർജിൽ ഉണ്ടായിരുന്ന 30 മലയാളികളിൽ 22 പേരെ രക്ഷപ്പെടുത്തി; മൂന്നു പേർക്കായി തിരച്ചിൽ തുടരുകയാണ്. അപകടത്തിൽ ഇതുവരെ ആകെ 51 പേരാണ് മരിച്ചത്.

മൂന്നു ബാർജുകളും സാഗൺ ഭൂഷൺ എന്ന ഓയിൽ റിഗ്ഗിലെ (എണ്ണക്കിണർ) ഡ്രില്ലിങ് ഷിപ്പുമാണു തിങ്കളാഴ്ച ടൗട്ടെ ചുഴലിക്കാറ്റിൽ നിയന്ത്രണം നഷ്ടപ്പെട്ട് ഒഴുകിയത്. എന്നാൽ, പി 305 ബാർജിലുള്ളവർ മാത്രമാണ് അപകടത്തിൽപ്പെട്ടത്. ഇതിലുണ്ടായിരുന്ന 261 ജീവനക്കാരിൽ 186 പേരെ നാവികസേന രക്ഷപ്പെടുത്തി.